പത്തനംതിട്ട ജ്വല്ലറി കവര്‍ച്ച:മുഖ്യപ്രതി പിടിയില്‍; മോഷണസംഘം കടന്നത് സി സി  ടി വി ഹാർഡ് ഡിസ്‌കുമായി 


JULY 28, 2019, 11:19 PM IST

പത്തനംതിട്ട:ജീവനക്കാരനെ കെട്ടിയിട്ട് പത്തനംതിട്ട നഗരത്തിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. ജ്വല്ലറി ജീവനക്കാരൻ മഹാരാഷ്ട്ര സ്വദേശി അക്ഷയ് പട്ടേൽ കോഴഞ്ചേരിക്ക് സമീപമാണ് പിടിയിലായത്. രണ്ടാഴ്‍ച മുൻപ് മാത്രമാണ് ഇയാൾ ജ്വല്ലറിയിൽ ജോലിക്കെത്തിയത്.പ്രതിയെ പൊലീസ് ചോദ്യം ചെയ്‌തുവരുന്നു.

വൈകിട്ട് അഞ്ചരയോടെയാണ് മുത്താരമ്മൻ കോവിലിന് സമീപത്തെ കൃഷ്‌ണ ജ്വല്ലേഴ്‌സിൽ കവർച്ച നടന്നത്. നാല് കിലോ സ്വർണവും 13 ലക്ഷം രൂപയും മോഷ്‌ടിക്കപ്പെട്ടു. കവർച്ചക്കിടെ ഒരു ജീവനക്കാരന് പരുക്കേറ്റു. അഞ്ചംഗ സംഘമാണ് മോഷണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 

ജ്വല്ലറിയിലെത്തിയ ഒരാൾ ജീവനക്കാരനായ സന്തോഷിനെ മർദ്ദിക്കുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനെ മൂന്ന് പേർ കൂടെ എത്തി സന്തോഷിനെ ജ്വല്ലറിയുടെ  പിൻവശത്ത് എത്തിച്ച് വായിൽ തുണി തിരുകി കെട്ടിയിട്ടു. ഈ സമയം വന്ന ഉപഭോക്താവിനോട് കവർച്ചക്ക് സഹായം നൽകിയ ജീവനക്കാരൻ അക്ഷയ് പട്ടേൽ സംസാരിച്ചു. ജ്വല്ലറിയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും കവർന്ന സംഘത്തോടൊപ്പം അക്ഷയ് പട്ടേലും മടങ്ങിയെന്നാണ് സന്തോഷ് പറയുന്നത്. 

ഓട്ടോറിക്ഷയിൽ റിംഗ് റോഡിലെത്തിയ മോഷണസംഘം അവിടെ നിർത്തിയിട്ടിരുന്ന സ്കോർപ്പിയോയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ജ്വല്ലറിയിലെ സി സി ടി വി ക്യാമറയുടെ ഹാർഡ് ഡിസ്‌കും സംഘം കൊണ്ട് പോയി. കെട്ടഴിച്ച് പുറത്ത് വന്ന സന്തോഷ് തന്നെയാണ് വിവരം സമീപത്തുള്ളവരെ അറിയിച്ചത്.മോഷ്‌ടാക്കൾ മറാത്തിയിലാണ് സംസാരിച്ചതെന്നു സന്തോഷ് പറയുന്നു. 

മഹാരാഷ്ട്രാ സ്വദേശിയായ സുരേഷ് സേട്ട് ആണ് ജ്വല്ലറി ഉടമ. ജില്ലാ അതിർത്തികളിൽ വാഹന പരിശോധനക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.