അഡ്വ.ജോസ് വിതയത്തില്‍ അന്തരിച്ചു; സംസ്‌കാരം ഇന്ന്


APRIL 17, 2021, 6:52 AM IST

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അംഗവും സീറോ മലബാര്‍ സഭ അല്‍മായ ഫോറം സെക്രട്ടറിയുമായ അഡ്വ. ജോസ് വിതയത്തില്‍ (69) അന്തരിച്ചു. കോവിഡും അനുബന്ധ അസുഖങ്ങളും ബാധിച്ച് ചികില്‍സയിലായിരുന്നു. സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്ന് (ശനി) ഉച്ചയ്ക്ക് 12ന് ആലങ്ങാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. കേരള ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ മുന്‍ അംഗമാണ്. നോര്‍ത്ത് പറവൂര്‍ കോടതിയില്‍ അഭിഭാഷകനായിരുന്ന ജോസ് വിതയത്തില്‍, നേരത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സീനിയര്‍ അസിസ്റ്റന്റായിരുന്നു. കെസിബിസി അല്‍മായ കമ്മീഷന്റെയും എറണാകുളം -അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും സെക്രട്ടറി, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ്, കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഡിസിസി അംഗം, ആലങ്ങാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്, ഓള്‍ ഇന്ത്യ കാത്തലിക് യൂണിയന്‍ സെക്രട്ടറി, എറണാകുളം ഗവ. ലോ കോളജ് യൂനിയന്‍ സെക്രട്ടറി, മഹാരാജാസ് കോളജ് പ്ലാനിംഗ് ഫോറം സെക്രട്ടറി എന്നീ നിലകളിലും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ: റൈഡില്‍ ജോസ്, നീറിക്കോട് മുല്ലൂര്‍ കുടുംബാംഗം. മക്കള്‍: ലവീന (യുകെ), ലിയോണ്‍ ജോസ് (ബിസിനസ്). മരുമക്കള്‍: ജോഫി ജേക്കബ് കണ്ണമ്പിള്ളി (യുകെ), ഷാമിലി ലിയോണ്‍ (മാള്‍ട്ട).