ഇടതുമുന്നണിക്ക് ഊർജം പകർന്ന് ജോസ് കെ. മാണി


OCTOBER 16, 2020, 3:58 PM IST

സാഹസികമെന്ന് വിശേഷിപ്പിക്കാവുന്ന നീക്കത്തിലൂടെ ഐക്യ ജനാധിപത്യ മുന്നണി വിട്ട് ഇടതുചേരിയിലേക്ക് ചേക്കേറിയ ജോസ് കെ. മാണി നയിക്കുന്ന കേരളാ കോൺഗ്രസ് വിഭാഗം ഇടതുമുന്നണിക്ക് തദ്ദേശ-അസംബ്ലി തെരഞ്ഞെടുപ്പുകളിൽ വലിയ കരുത്താകും.ഏറെ നാളായി പ്രതീക്ഷിച്ചിരുന്നതാണെങ്കിലും ഐക്യജനാധിപത്യ മുന്നണി കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് കൃത്യമായ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ജോസ് കെ. മാണി വിഭാഗം ഇടതുപക്ഷ മുന്നണിയിലേക്ക് പ്രവേശിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനുമായി ജോസ് കെ. മാണി നേരിട്ട് നടത്തിയ ചർച്ചകളിൽ ജോസ് വിഭാഗം കേരളാ കോൺഗ്രസിന് പരമ്പരാഗത സീറ്റായ പാലയടക്കം ചുരുങ്ങിയത് 10 സീറ്റുകളാണ് സിപിഎം വാഗ്ദാനം ചെയ്തിട്ടുള്ളത്.പ്രതിപക്ഷ മുന്നണിയിൽ നിൽക്കക്കള്ളിയില്ലാതെ അഭയം തേടിയെത്തിയവർ എന്ന നിലയ്ക്കല്ല ജോസ് വിഭാഗത്തെ ഉൾക്കൊള്ളാൻ ഇടതുപക്ഷ മുന്നണി തയ്യാറായിട്ടുള്ളതെന്നതാണ് ഇരുപക്ഷവും തമ്മിലുണ്ടാക്കിയിട്ടുള്ള ധാരണയുടെ സവിശേഷത. ഒരു പ്രധാന ഘടകക്ഷിക്ക് ലഭിക്കേണ്ട പ്രാധാന്യത്തോടെ ജോസ് വിഭാഗത്തെ പരിഗണിക്കാനും അവർക്ക് അർഹമായ സ്ഥാനം മുന്നണിയിൽ നൽകാനുമാണ് സിപിഎം ഉദ്ദേശിക്കുന്നതെന്നാണ് സൂചനകൾ.സിപിഎം-സിപിഐ നേതൃത്വങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശം. ജോസ് വിഭാഗവുമായുണ്ടാക്കിയിട്ടുള്ള ധാരണകളുടെ വിശദാംശങ്ങൾ സംബന്ധിച്ച് സിപിഐക്ക് ചില എതിർപ്പുകളുണ്ടെങ്കിലും അതെല്ലാം പറഞ്ഞ് തീർക്കാവുന്നതേയുള്ളൂ എന്ന നിലപാടാണ് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും സ്വീകരിച്ചിട്ടുള്ളത്. പാലാ ജോസ് വിഭാഗത്തിന് കൈമാറുന്നതിൽ പ്രതിഷേധിച്ച് നിലവിൽ പാലാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എൻസിപി നേതാവ് മാണി സി. കാപ്പൻ മുന്നണി വിറ്റാൽ പാലായ്ക്ക് ഒപ്പം കുട്ടനാട് സീറ്റ് കൂടെ ജോസ് വിഭാഗത്തിന് നൽകാൻ സിപിഎം തയ്യാറാകും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐ മത്സരിച്ച കാഞ്ഞിരപ്പള്ളിയും ജോസ് വിഭാഗത്തിന് നൽകാൻ സിപിഎം സന്നദ്ധമാണ്.ഇത് സംബന്ധിച്ച് സിപിഐ നേതൃത്വവുമായി ചർച്ചകൾ നടത്തും. അവർക്ക് വിജയ സാധ്യതയുള്ള ഒരു സീറ്റാവും വാഗ്ദാനം ചെയ്യുക.അങ്ങിനെ വരുമ്പോൾ പാലായ്ക്ക് പുറമേ നിലവിൽ ജോസിനൊപ്പമുള്ള റോഷി അഗസ്റ്റിൻ പ്രതിനിധീകരിക്കുന്ന ഇടുക്കി, എൻ. ജയരാജ് പ്രതിനിധീകരിക്കുന്ന കാഞ്ഞിരപ്പള്ളി, പി.ജെ. ജോസഫിന്റെ വിശ്വസ്തൻ മോൻസ് ജോസഫ് പ്രതിനിധീകരിക്കുന്ന കടുത്തുരുത്തി, പി.ജെ. ജോസഫ് പ്രതിനിധീകരിക്കുന്ന തൊടുപുഴ, എന്നിവയും പിന്നെ പാർട്ടി മുൻ അധ്യക്ഷൻ സി.എഫ്. തോമസ് പ്രതിനിധാനം ചെയ്തിരുന്ന ചങ്ങനാശ്ശേരി, ഇടുക്കി, തൊടുപുഴ, ഇരിക്കൂർ തുടങ്ങിയ സീറ്റുകളുമാവും ജോസ് വിഭാഗത്തിന് ലഭിക്കുക.തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പായിരിക്കും ജോസിന്റെ ഇടതുമുന്നണി പ്രവേശനത്തിന്റെ ആദ്യ ഉരകല്ല്.

 ജോസ് വിഭാഗത്തിന്റെ ശക്തികേന്ദ്രമായ കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളിൽ 1140 വാർഡുകളിൽ 256 എണ്ണം കേരള കോൺഗ്രസിന്റെ കൈയിലാണ്. ഇവയെ പ്രതിനിധീകരിക്കുന്നവരിൽ ഭൂരിപക്ഷവും ജോസ് വിഭാഗത്തിൽ പെട്ടവരാണ്. ജോസും കൂട്ടരും വരുന്നതോടെ ജില്ലയിൽ സർവാധിപത്യം ഉറപ്പിക്കാമെന്നാണ് സിപിഎമ്മിൻ്റെ പ്രതീക്ഷ. ജില്ലാ പഞ്ചായത്ത് ഭരണത്തിന് പുറമെ ഏതാനു നഗരസഭകളിലും ഭരണം ഉറപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.

Other News