ജോസ് കെ മാണിക്ക് തിരിച്ചടി; ചെയര്‍മാനാക്കിയത് തടഞ്ഞ വിധി നിലനിൽക്കും 


AUGUST 3, 2019, 11:48 PM IST

തൊടുപുഴ:കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ തെരഞ്ഞെടുപ്പു കേസില്‍ ജോസ‌് കെ മാണിക്ക‌് തിരിച്ചടി. ജോസ് കെ മാണിയെ ചെയര്‍മാനാക്കിയത‌് താല്‍ക്കാലികമായി തടഞ്ഞ തൊടുപുഴ മുട്ടം മുന്‍സിഫ‌് കോടതിയുടെ വിധി ഇടുക്കി മുന്‍സിഫ് കോടതിയും ശരിവച്ചു. 

പി ജെ ജോസഫ് വിഭാഗം നല്‍കിയ ഹര്‍ജിയിലാണ് നേരത്തെ തൊടുപുഴ മുന്‍സിഫ‌് കോടതി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ‌് സ‌്റ്റേ ചെയ‌്തത‌്. ഇതു ചോദ്യം ചെയ‌്ത‌് ജോസ‌് കെ മാണി പക്ഷം മുന്‍സിഫ‌് കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി.

തൊടുപുഴ മുന്‍സിഫ‌് കോടതിയുടെ അധികാരപരിധിയില്‍ ഈ വിഷയം വരില്ലെന്നും കേസില്‍ വിധി പുറപ്പെടുവിക്കാന്‍ അവകാശമില്ലെന്നുമായിരുന്നു ജോസ‌് പക്ഷത്തിന്റെ വാദം. പിന്നീട‌് പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുമ്പോള്‍ തൊടുപുഴ മുന്‍സിഫ‌് കേസ‌് കേള്‍ക്കുന്നതില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു. ഇതോടെയാണ‌് ഇടുക്കി മുന്‍സിഫിന്റെ പരിഗണയിലേയ‌്ക്ക‌് കേസ‌് മാറ്റിയത‌്. 

ഇരുവിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ണമായി കേട്ട ശേഷമാണ‌് ഇടുക്കി മജിസ‌്ട്രേറ്റ‌് രശ‌്മി രവീന്ദ്രന്‍ സ‌്റ്റേ നിലനില്‍ക്കുമെന്ന‌് വ്യക്തമാക്കിയത‌്. ജൂണ്‍ 16ന് കോട്ടയത്ത് വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു ജോസ് കെ മാണിയെ ഒരു വിഭാഗം ചെയര്‍മാനാക്കിയത്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്താണ‌് ചെയര്‍മാനെ തെരഞ്ഞെടുത്തത‌് എന്നായിരുന്നു ജോസ‌് കെ മാണി പക്ഷത്തിന്റെ വാദം. 

എന്നാല്‍, നടപടി ഭരണഘടനാനുസൃതമല്ലെന്ന വാദവുമായി ജോസഫ‌് വിഭാഗം കോടതിയെയും തെരഞ്ഞെടുപ്പു കമ്മീഷനെയും സമീപിച്ചു. ചെയര്‍മാന്‍ തെരഞ്ഞെടുപ്പ‌് റദ്ദാക്കണമെന്നതായിരുന്നു പി ജെ ജോസഫിന്റെ ആവശ്യം. തെരഞ്ഞെടുപ്പ‌് റദ്ദാക്കിയില്ലെങ്കിലും സ‌്റ്റേ തുടരാന്‍ തീരുമാനിച്ചത‌് ജോസഫ‌് പക്ഷത്തിന‌് ആശ്വാസമായി.വിധി ജോസഫ് വിഭാഗം സ്വാഗതം ചെയ്‌തു.ഇടുക്കി മുന്‍സിഫ് കോടതി ഉത്തരവിനെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി.

പാലാ ഉപതെരഞ്ഞെടുപ്പ‌് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, കോടതി വിധി ജോസ‌് കെ മാണിക്ക‌് തിരിച്ചടിയുമായി. കേരള കോണ്‍ഗ്രസ‌് എം ചെയര്‍മാന്‍ എന്ന നിലയില്‍ ജോസ‌് കെ മാണി എന്തെങ്കിലും തീരുമാനങ്ങളെടുത്താല്‍ അത‌് കോടതി അലക്ഷ്യമായി എതിര്‍വിഭാഗം ചൂണ്ടിക്കാട്ടും. 

നിലവില്‍ ജോസ‌്-- ജോസഫ‌് പക്ഷങ്ങള്‍ രണ്ടു ചേരിയായി മാറിക്കഴിഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ സംബന്ധിച്ച‌് അവകാശവാദം ഉന്നയിക്കാനുള്ള നീക്കവും ജോസഫ‌് പക്ഷം നടത്തുന്നുണ്ട‌്. ഇതു സംബന്ധിച്ച‌് ജോസഫ‌് നേരത്തെ ചില സൂചനകളും നല്‍കിയിരുന്നു.