ബെഹ്‌റ സി പി എം നേതാക്കളുടെ മുന്നിൽ നടുവുവളച്ചു നിൽക്കുന്ന മക്കുണന്‍:കെ. മുരളീധരന്‍


SEPTEMBER 3, 2019, 9:51 PM IST

കൊച്ചി:സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയെക്കെതിരേ രൂക്ഷ വിമര്‍ശനവുമായി കെ  മുരളീധരന്‍ എം പി. കെപി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരായ ഡി ജി പിയുടെ  മാനനഷ്ടക്കേസ് നീക്കത്തെയാണ് മുരളീധരന്‍ വിമര്‍ശിച്ചത്. 

സകല സി പി എം നേതാക്കളുടെ മുന്നിലും നടുവുവളച്ച് നില്‍ക്കുന്ന 'മക്കുണനെ' പിണറായിക്ക് എവിടെ നിന്ന് കിട്ടിയെന്നു മുരളീധരന്‍ ചോദിച്ചു. മാനമില്ലാത്ത ആളാണു മാനനഷ്ടത്തിന് കേസുമായി ഇറങ്ങിയിട്ടുള്ളത്.

മുല്ലപ്പള്ളിക്കെതിരെ മാത്രമല്ല,ഇതിന്റെ പേില്‍ തനിക്കെതിരെയും കേസെടുക്കട്ടെ. പി എസ്‌ സി തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിലും ഭേദം കോടിയേരി അന്വേഷിക്കുന്നതാണ്. യു ഡി എഫ് അധികാരത്തില്‍ വന്നാല്‍ യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്നു മാറ്റുമെന്നും കെ മുരളീധരന്‍ പറഞ്ഞു. 

ഒന്നുകില്‍ ഇടിച്ചു നിരത്തി പൊതുസ്ഥലം ആക്കും. അല്ലെങ്കില്‍ ചരിത്ര മ്യൂസിയമാക്കും. ഇതു പറഞ്ഞതിനു ബുദ്ധിജീവികള്‍ക്ക് എന്തു തോന്നിയാലും തനിക്ക് ഒന്നുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.