മോഡിയെ സ്തുതിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ല; ബിജെപിയിലേക്ക് പോകാം : തരൂരിനെ തള്ളി കെ. മുരളീധരന്‍


AUGUST 25, 2019, 2:02 PM IST

തിരുവനന്തപുരം: നേതാക്കളുടെ മോഡി സ്തുതിയെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത മുറുകുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോഡി ചെയ്യുന്നത് നല്ല കാര്യമാണെങ്കില്‍ അഭിന്ദിക്കുന്നതില്‍ തെറ്റില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കളായ അഭിഷേക് സിങ്‌വി, ശശി തരൂര്‍, ജയറാം രമേശ് തുടങ്ങിയവര്‍ പറഞ്ഞതിനെ ചൊല്ലിയാണ് കോണ്‍ഗ്രസില്‍ പോരു മുറുകിയത്.

ജയറാം രമേശിനെ തള്ളി കെ.സി വേണുഗോപാല്‍ രംഗത്തുവന്നതിനു പിന്നാലെ ശശി തരൂരിനു മറുപടിയുമായി ഞായറാഴ്ച കെ. മുരളീധരന്‍ എംപിയും രംഗത്തുവന്നു.

മോഡിയെ പ്രശംസിക്കുന്നവര്‍ക്ക് കോണ്‍ഗ്രസില്‍ സ്ഥാനമില്ലെന്നും അവര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്നും  കെ. മുരളീധരന്‍ പറഞ്ഞു.'കോണ്‍ഗ്രസിന്റെ ചിലവില്‍ മോഡിയെ സ്തുതിക്കാമെന്ന് ആരും കരുതേണ്ട..മോഡിക്കെതിരായ വിമര്‍ശനം കടുപ്പിക്കണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട് എന്നാണ് ഒരു ടെലിവിഷന്‍ ചാനലിനോട്  സംസാരിക്കവെ മുരളീധരന്‍ പറഞ്ഞത്.

മോഡി ചെയ്യുന്നത് നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണമെന്നും എങ്കില്‍ മാത്രമേ മോഡിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍  അഭിപ്രായപ്പെട്ടിരുന്നു.

ഇതിനെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.ആരു പറഞ്ഞാലും മോഡിയുടെ ദുഷ്‌ചെയ്തികള്‍ മറച്ചു വയ്ക്കാനാകില്ല. ആയിരം തെറ്റിന് ശേഷം ഒരു ശരി ചെയ്താല്‍ അതിനെ പര്‍വതീകരിക്കേണ്ടതില്ല എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്.

ഈ നിലപാട് ശരിവച്ചു കൊണ്ടായിരുന്നു മുരളീധരന്റെയും പ്രതികരണം.

Other News