കനകമല ഐഎസ് കേസില്‍ പ്രതികള്‍ക്ക് ശിക്ഷ പോരെന്ന് എന്‍ഐഎ; വിധിയെ എതിര്‍ത്ത് അപ്പീല്‍ നല്‍കും


DECEMBER 2, 2019, 10:18 AM IST

കൊച്ചി:  കനകമല ഐഎസ് കേസില്‍ പ്രതികള്‍ക്ക് പ്രത്യേക കോടതി നല്‍കിയശിക്ഷ പോരെന്ന് എന്‍ഐഎ. വിധിയെ എതിര്‍ത്ത് അപ്പീല്‍ നല്‍കും. എല്ലാ പ്രതികള്‍ക്കും കൂടുതല്‍ ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടാണ് എന്‍ഐഎ അപ്പീല്‍ നല്‍കുക. യുഎപിഎ സെക്ഷന്‍ 20 റദ്ദാക്കിയതും ആറാം പ്രതിയെ വെറുതെ വിട്ടതും എന്‍ഐഎ ചോദ്യം ചെയ്യും.

കണ്ണൂര്‍ കനകമല ഐഎസ് കേസില്‍ കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ എന്‍ഐഐ കോടതി വിധി പറഞ്ഞത്. ഒന്നാം പ്രതി മന്‍സീദ് മുഹമ്മദിന് പതിനാല് വര്‍ഷം തടവും പിഴയുമാണ് വിധിച്ചത്. രണ്ടാം പ്രതി സ്വാലിഹ് മുഹമ്മദിന് പത്ത് വര്‍ഷം തടവു പിഴയും, മൂന്നാം പ്രതി റാഷിദ് അലിക്ക് ഏഴ് വര്‍ഷം തടവും പിഴയും, നാലാം പ്രതി റംഷാദിന് മൂന്ന് വര്‍ഷം തടവും പിഴയും, അഞ്ചാം പ്രതിക്ക് എട്ട് വര്‍ഷം തടവും പിഴയും, എട്ടാം പ്രതി മൊയ്‌നുദീന്‍ പാറക്കടവത്തിന് മൂന്നു വര്‍ഷം തടവും പിഴയും എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. തെളിവുകളുടെ അഭാവത്തില്‍ ആറാം പ്രതി എന്‍ കെ ജാസ്മിനെ കോടതി കുറ്റവിമുക്തമാക്കിയിരുന്നു. പ്രതികള്‍ക്ക് കുറഞ്ഞ ശിക്ഷയാണ് ലഭിച്ചതെന്നാണ് എന്‍ഐഎയുടെ വാദം. ആറാം പ്രതിയെ വെറുതെ വിട്ട നടപടിയേയും എന്‍ഐഎ എതിര്‍ക്കും.

2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം. കണ്ണൂരിലെ കനകമലയില്‍ ഒത്തുകൂടിയ സംഘത്തെ എന്‍ഐഎ പിടികൂടുകയായിരുന്നു. സംസ്ഥാനത്തെ ചില രാഷ്ട്രീയ നേതാക്കള്‍, ഹൈക്കോടതി ജഡ്ജിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും ഏഴ് സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. അന്‍സാറുല്‍ ഖലീഫ എന്ന പേരിലുള്ള ടെലഗ്രാം ഗ്രൂപ്പില്‍ പ്രതികള്‍ അംഗങ്ങളായിരുന്നു.

Other News