കൊച്ചി: തോപ്പുംപടിയില്‍ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ യാത്രക്കാരന്‍ യുവാവിനെ ഇടിച്ചു തെറിപ്പിച്ച് നിര്‍ത്താതെ പോയ കടവന്ത്ര പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മനുരാജ് ജി പിക്ക് കാസര്‍ക്കോട് ജില്ലയിലെ ചന്ദേര പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റം. സര്‍ക്കാര്‍ സര്‍വീസില്‍ 'നാടുകടത്താനുള്ള' ഇടമായി കാസര്‍ക്കോട് തുടരുന്നു.
വാഹനാപകടമുണ്ടാക്കി സ്ഥലം വിട്ട നിയമപാലകന് ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ അന്വേഷണ വിധേയമായ സസ്‌പെന്‍ഷനെങ്കിലും ഏറ്റവും ചുരുങ്ങിയത് ലഭിക്കേണ്ടിയിരുന്ന സ്ഥാനത്താണ് അധികൃതര്‍ കാസര്‍ക്കോട് തെരഞ്ഞെടുത്തിരിക്കുന്നത്. അപകടമുണ്ടാക്കിയ പൊലീസുകാരനെതിരെ കേസെടുത്തില്ലെന്ന വിവാദം ഒഴിവാക്കാന്‍ തത്ക്കാലം ആഭ്യന്തര മന്ത്രാലയം കണ്ട ചെപ്പടി വിദ്യയാണ് കാസര്‍ക്കോട് സ്ഥലംമാറ്റമെന്നത് തീര്‍ച്ചയാണ്. കേസന്വേഷണം പൂര്‍ത്തിയായില്ലെന്ന താത്കാലിക ന്യായം പറഞ്ഞ് അധികൃതര്‍ക്ക് രക്ഷപ്പെടാനുമാകും.
സസ്‌പെന്‍ഷനേക്കാള്‍ വലിയ 'ശിക്ഷ'യാണ് കാസര്‍ക്കോട്ടേക്കുള്ള സ്ഥലം മാറ്റമെന്നാണ് അധികൃതര്‍ ഇതിലൂടെ പറയാതെ പറയുന്നത്. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ കേസിലോ പ്രതിസ്ഥാനത്തോ സര്‍ക്കാറിന്റെ കണ്ണിലെ കരടോ ആയ ഉദ്യോഗസ്ഥരെ മുഴുവന്‍ സ്ഥലം മാറ്റാനാണ് കാസര്‍ക്കോട് ജില്ല തെരഞ്ഞെടുക്കുന്നത്. ഇതിന്റെ ഫലമായി കാസര്‍ക്കോട്ടെ ജനങ്ങള്‍ക്ക് പലപ്പോഴും സര്‍ക്കാര്‍ സേവനങ്ങള്‍ കിട്ടാക്കനിയാവുക മാത്രമല്ല മോശം ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ സഹിക്കേണ്ട ഗതികേടുമാണുള്ളത്. യഥാര്‍ഥത്തില്‍ ശിക്ഷിക്കപ്പെടുന്നത് ഉദ്യോഗസ്ഥരല്ല കാസര്‍ക്കോട്ടുള്ളവരാണ്.
മെയ് 18നാണ് സുഹൃത്തായ വനിതാ ഡോക്ടറോടൊപ്പം കാറില്‍ പോവുകയായിരുന്ന കടവന്ത്ര പോലീസ് ഇന്‍സ്പെക്ടര്‍ മനുരാജ് തോപ്പുംപടി ഹാര്‍ബര്‍ പാലത്തില്‍ യുവാവിനെ ഇടിച്ചിട്ട് നിര്‍ത്താതെ കടന്നുകളഞ്ഞത്. സംഭവം കണ്ട് നാലു യുവാക്കള്‍ രണ്ടു ബൈക്കുകളിലായി പിന്തുടര്‍ന്ന് വെല്ലിംഗ്ടണ്‍ ഐലന്റിന് സമീപം അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്തി പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസുകാര്‍ വന്ന് പരിശോധിച്ചപ്പോഴാണ് ഇന്‍സ്പെക്ടറാണ് വാഹനമോടിച്ചതെന്ന് അറിഞ്ഞത്. തുടര്‍ന്ന് പൊലീസുകാര്‍ കേസെടുക്കാതെ ഒഴിവാക്കുകയായിരുന്നു. മദ്യപിച്ച് വാഹനമോടിച്ച പൊലീസ് ഇന്‍സ്പെക്ടറെ രക്ഷപ്പെടുത്താനാണ് പൊലീസുകാര്‍ കേസെടുക്കാതിരുന്നതെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു.
സംഭവം വിവാദമായതോടെ കേസ് അന്വേഷണത്തിന് പ്രത്യക പൊലീസ് സംഘത്തെ നിയോഗിക്കുകയായിരുന്നു. മട്ടാഞ്ചേരി എ സി പി കെ ആര്‍ മനോജിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. പരാതിയില്‍ കേസെടുക്കാന്‍ വൈകിയതടക്കം തോപ്പുംപടി പൊലീസ് വീഴ്ച്ചയും അന്വേഷിക്കും.
പൊലീസിന്റെ ഒത്തുകളി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അപ്പോഴും അപകടം ഉണ്ടാക്കിയ വാഹനത്തിന്റെ നമ്പര്‍ മാത്രം വെച്ച് 'പ്രതി അജ്ഞാതന്‍' എന്നുമാത്രം രേഖപ്പെടുത്തിയാണ് തോപ്പുംപടി പൊലീസ് കേസെടുത്തിരുന്നത്. തോപ്പുംപടി പൊലീസിന് കേസെടുക്കുന്നതിലടക്കം വീഴ്ചയുണ്ടായെന്ന് വ്യക്തമായതോടെയാണ് ഉന്നത പൊലീസ് സംഘം കേസിലെ അന്വേഷണം ഏറ്റടുക്കുകയും വാഹനമോടിച്ചത് കടവന്ത്ര ഇന്‍സ്പെക്ടറാണെന്ന് തിരിച്ചറിയുകയും ചെയ്തത്.
പൊലീസ് ഇന്‍സ്പെക്ടറുടെ വാഹനമിടിച്ച് പരുക്കേറ്റ പാണ്ടിക്കുടി ഇല്ലിപ്പറമ്പില്‍ വിമല്‍ ജോളി (29) ചികിത്സയിലാണ്. ഇയാളുടെ കൈക്കാണ് പരുക്കേറ്റത്. എറണാകുളം ഭാഗത്തു നിന്നും തോപ്പുംപടി ഭാഗത്തേക്ക് പോവുകയായിരുന്ന വിമല്‍ ജോളിയുടെ ഇലക്ട്രിക്ക് സ്‌കൂട്ടറില്‍ മനുരാജിന്റെ കെ എല്‍ 64 എഫ് 3191 കാര്‍ ഇടിക്കുകയായിരുന്നു. ബാറ്ററി ചാര്‍ജ് കുറവായതിനാല്‍ താന്‍ സാവകാശത്തിലാണ് വാഹനമോടിച്ചിരുന്നതെന്നും പെട്ടെന്നാണ് കാര്‍ മുന്നിലെത്തി ഇടിച്ചിട്ട് കടന്നുകളഞ്ഞതെന്നും വിമല്‍ ജ്യോതി പറയുന്നു.