ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി; 30 ന് തിരിച്ചെത്തും


JANUARY 15, 2022, 7:41 AM IST

തിരുവനന്തപുരം: ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ 4.40ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവര്‍ക്കൊപ്പമാണ് മുഖ്യമന്ത്രിയുടെ യാത്ര.

അമേരിക്കയിലെ മയോ ക്ലിനിക്കില്‍ മൂന്നാഴ്ചയിലേറെ നീണ്ടുനില്‍ക്കുന്ന ചികിത്സയ്ക്കായാണ് മുഖ്യമന്ത്രി യാത്ര തിരിച്ചിരിക്കുന്നത്. ഈ മാസം 29 വരെയാണ് മുഖ്യമന്ത്രി അമേരിക്കയില്‍ തുടരുകയെന്നാണ് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കും

മുഖ്യമന്ത്രി വിദേശത്തേക്ക് പോയെങ്കിലും മന്ത്രിസഭയിലെ ആര്‍ക്കും പകരം ചുമതല നല്‍കിയിട്ടില്ല. ക്യാബിനറ്റ് യോഗത്തില്‍ അടക്കം മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. പതിവ് പോലെ ബുധനാഴ്ചകളില്‍ തന്നെ മന്ത്രിസഭ ചേരും. നേരത്തെ 2018ലും മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയില്‍ പോയിരുന്നു. അന്നും മറ്റാര്‍ക്കും ചുമതല കൈമാറിയിരുന്നില്ല.

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി വീണ്ടും തുടര്‍ ചികിത്സക്ക് വേണ്ടി വിദേശത്തേക്ക് പോകുന്നത്. മിനിസോട്ടയിലെ മായോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ നടത്തുന്നത്. തുടര്‍ ചികിത്സയ്ക്കായി നേരത്തെ തന്നെ അദ്ദേഹം അമേരിക്കയിലേക്ക് പോകേണ്ടിയിരുന്നതാണെങ്കിലും കോവിഡ് സാഹചര്യവും മറ്റും കണക്കിലെടുത്ത് യാത്ര മാറ്റിവയ്ക്കുകയായിരുന്നു

അമേരിക്കയിലേക്ക് പോകുന്ന വിവരം മുഖ്യമന്ത്രി വെള്ളിയാഴ്ച ഫോണില്‍ ഗവര്‍ണ്ണറെ വിളിച്ചു അറിയിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ടുണ്ട്. അതിനിടെ ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി കത്തയച്ചെന്ന റിപ്പോര്‍ട്ടും കഴിഞ്ഞദിവസം പുറത്ത് വന്നിരുന്നു. സര്‍വകലാശാലയുടെ ചാന്‍സലറായി തുടരണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചെന്നാണ് റിപ്പോര്‍ട്ട്.

Other News