കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതില്‍ വിശദീകരണം ചോദിച്ച് ഹൈക്കോടതി


APRIL 7, 2021, 6:54 PM IST

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഇക്കാര്യം രേഖമൂലം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രില്‍ 21നാണ് അവസാനിക്കുക. 

കേന്ദ്ര നിയമവകുപ്പിന്റെ ശുപാര്‍ശയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഇതിനെതിരെ നിയമസഭാ സെക്രട്ടറിയും സി പി എം നേതാവ് എസ് ശര്‍മ്മയുമാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് മുന്‍പ് തീരുമാനിച്ച തിയ്യതിയില്‍ നിന്ന് മാറ്റിവെച്ചതിന് കാരണമില്ലെന്നും വോട്ട് ചെയ്യാനുള്ള നിലവിലെ നിയമസഭാ അംഗങ്ങളുടെ അവസരം നഷ്ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി കോടതിയില്‍ വാദിച്ചു. കേസില്‍ രണ്ടു ദിവസത്തിന് ശേഷം കോടതി വിശദമായി വാദം കേള്‍ക്കും.

ഏപ്രില്‍ 12നായിരുന്നു രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല്‍ നടക്കുമെന്നായിരുന്നു നേരത്തെയുള്ള തീരുമാനം.

മൂന്ന് ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിലെ വയലാര്‍ രവി, സി പി എമ്മിലെ കെ കെ രാഗേഷ്, മുസ്ലിം ലീഗിലെ പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ ഒഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്.

കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സി പി എമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവ്. നിയമസഭയിലെ നിലവിലെ അംഗബലം വച്ച് എല്‍ ഡി എഫിന് രണ്ടു സീറ്റിലും യു ഡി എഫിന് ഒരു സീറ്റിലുമാണ് വിജയിപ്പിക്കാനാവുക.

Other News