ഇന്നത്തെ ഇടതുയോഗത്തില്‍ ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം തീരുമാനിക്കും


OCTOBER 22, 2020, 8:32 AM IST

തിരുവനന്തപുരം: യുഡിഎഫിനെ തള്ളിപ്പറഞ്ഞ് ഇടതുപക്ഷത്തോട് അനുഭാവം പ്രകടിപ്പിച്ച ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തില്‍ ഇന്നു ചേരുന്ന ഇടതുമുന്നണിയോഗം തീരുമാനമെടുക്കും.

ജോസിനെയും കൂട്ടരെയും മുന്നണിയിലെടുക്കാന്‍ പ്രധാന ഘടക കക്ഷികളായ സിപിഎമ്മും സിപിഐയും തീരുമാനിച്ചു കഴിഞ്ഞു. മറ്റു ഘടക കക്ഷികളെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇനി യോഗം ചേര്‍ന്ന് ഔദ്യോഗികമായ തീരുമാനം എടുക്കുകയേ വേണ്ടൂ. അതേ സമയം ജോസ് കെ മാണി വിഭാഗത്തിന്റെ വരവ് നിലവിലെ സീറ്റ് സംവിധാനങ്ങളെ ബാധിക്കും എന്നത് ഉറപ്പാണ്. മുന്നണി വിപുലമാക്കുമ്പോള്‍ സ്വാഭാവികമായും പുതുതായി വരുന്നവര്‍ക്കു കൂടി തെരഞ്ഞെടുപ്പുകളില്‍ സീറ്റുകള്‍ നല്‍കേണ്ടിവരും. അത് ആര്‍ക്കൊക്കെ നഷ്ടം വരുത്തും എന്നതാണ് ഓരോ കക്ഷിയും ഉറ്റുനോക്കുന്നത്.

പ്രധാന ആശങ്ക എന്‍സിപിക്കാണ്. അമ്പതുവര്‍ഷത്തിനുശേഷം പാലാ സീറ്റ് പിടിച്ചെടുത്ത മാണി സി കാപ്പനാണ് ഏറെ ആശങ്ക. പാലാ സീറ്റിന് എന്തായാലും ജോസ് കെ മാണി അവകാശവാദം ഉന്നയിക്കും എന്നുറപ്പാണ്. ഈ സീറ്റ് ഒരു കാരണവശാലും വിട്ടുകൊടുക്കില്ലെന്നാണ് അവരുടെ നിലപാട്. മാത്രമല്ല കഴിഞ്ഞ തവണ മത്സരിച്ച ഒരു സീറ്റും എന്‍സിപി വിട്ടുകൊടുക്കില്ലെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ടിപി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കിയിരുന്നു

. മറ്റൊരു തര്‍ക്ക സീറ്റ് സിപിഐ സ്ഥിരമായി മത്സരിക്കുന്ന കാഞ്ഞിരപ്പള്ളിയാണ്. ഇത് കേരള കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുമാണ്. സീറ്റുവേണമെന്ന് ജോസ് കെ മാണിയും വിട്ടുകൊടുക്കില്ലെന്ന് സിപിഐയും വാദിക്കും എന്നുറപ്പാണ്. ഇതൊക്കെ തര്‍ക്കവിഷയമാണെങ്കിലും ഇന്നത്തെ മുന്നണിയോഗത്തില്‍ നിയമസഭാ സീറ്റ് ചര്‍ച്ചകള്‍ പ്രധാന അജണ്ടയില്‍ ഇല്ലാത്തതിനാല്‍ നടന്നേക്കില്ല.

ജോസ് കെ മാണി മുന്നോട്ടു വച്ചിട്ടുളള വ്യവസ്ഥകള്‍ എന്തെന്ന് വ്യക്തമാക്കണമെന്ന് എന്‍.സി.പി ഇന്നത്തെ മുന്നണിയോഗത്തില്‍ ആവശ്യപ്പെടും. അതറിഞ്ഞ ശേഷമാകും പാര്‍ട്ടി നിലപാട് വ്യക്തമാക്കുക. ജോസ് കെ മാണി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചതിനുശേഷം ആശയവിനിമയം നടത്താത്തതിലും എന്‍.സി.പിക്ക് നീരസമുണ്ട്.

വൈകിട്ട് നാലിന് എ.കെ.ജി സെന്ററിലാണ് മുന്നണി യോഗം. തദ്ദേശതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് കൂടി അര്‍ഹമായ പരിഗണന നല്‍കി പ്രാദേശിക തലത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കണം എന്നാകും എല്‍.ഡി.എഫ് നിര്‍ദേശം. നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച് ധാരണയില്ലെന്നും രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണ് ജോസ് കെ.മാണി ഇടതുമുന്നണിയിലേക്ക് വരുന്നതെന്നുമാണ് ഘടകകക്ഷികളെ സി.പി.എം അറിയിച്ചിരിക്കുന്നത്.

ഡിസംബര്‍ ആദ്യം തദ്ദേശതിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാല്‍ ജോസ് കെ.മാണിയെ ഇടതുമുന്നണിയിലെടുക്കുന്നതില്‍ തീരുമാനം നീളില്ല. ജനാധിപത്യ കേരള കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാതെ ദീര്‍ഘനാള്‍ സഹകരിപ്പിച്ച് നിര്‍ത്തിയ സമീപനം ജോസ് കെ മാണിയുടെ കാര്യത്തിലുണ്ടാവില്ലെന്ന് കഴിഞ്ഞദിവസം കാനവും സൂചന നല്‍കിയിരുന്നു.