നേതാക്കളുടെ വിദേശ ചികിത്സയില്‍ കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് പ്രതിഷേധം


NOVEMBER 8, 2019, 12:26 PM IST

തിരുവനന്തപുരം:  മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍  ചാണ്ടിയും അടുത്തിടെയാണ് വിദേശത്ത് ചികിത്സതേടി മടങ്ങിയത്. സിപിഎം സ്റ്റേറ്റ് സെക്രട്ടറിയും മുന്‍ ആഭ്യന്തര മന്ത്രിയുമായ  കോടിയേരി ബാലകൃഷ്ണനും ചികിത്സക്കായി യുഎസിലേക്ക്  പോയിരിക്കുകയാണ്.

നേതാക്കളുടെ വിദേശ ചികിത്സ സംസ്ഥാനത്തെ ചികിത്സ സൗകര്യങ്ങളെക്കുറിച്ചുള്ള തെറ്റായ സന്ദേശമായിരിക്കും ജനങ്ങള്‍ക്ക് നല്‍കുകയെന്നാണ് കേരളത്തിലെ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. ആരോഗ്യ സംരക്ഷണം എങ്ങനെ വേണമെന്നത് ഓരോ വ്യക്തിയുമായും ബന്ധപ്പെട്ട കാര്യമാണെങ്കിലും രാഷ്ട്രീയ നേതാക്കള്‍ ചികിത്സതേടി വിദേശങ്ങളിലേക്ക് പോകുന്നത്, പ്രത്യേകിച്ചും അവര്‍ തേടുന്നതായ ചികിത്സ കേരളത്തില്‍ത്തന്നെ ലഭ്യമായിരിക്കുമ്പോള്‍ ,സമൂഹത്തിനു നല്‍കുന്നത് തെറ്റായ സന്ദേശമായിരിക്കുമെന്ന്  ഐ എം എ കേരള ചാപ്റ്റര്‍ സെക്രട്ടറി ഡോക്ടര്‍ എന്‍ സുല്‍ഫി പറയുന്നു. മിക്ക രോഗങ്ങള്‍ക്കുമുള്ള ചികിത്സ ഇവിടെ ലഭ്യമാണ്.

സമാനമായ അഭിപ്രായമാണ് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ്  അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ ജി എസ് വിജയകൃഷ്ണനും പ്രകടിപ്പിച്ചത്. ചികിത്സ തേടി അടിക്കടി വിദേശങ്ങളിലേക്ക് പോകുന്ന നേതാക്കള്‍ കേരളത്തിലെ സാധാരണ ജനങ്ങള്‍ക്കും അത്തരം ചികിത്സ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഉന്നതരായ നേതാക്കള്‍  വിദേശ ചികിത്സ തേടുന്നത്  സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.എന്തുകൊണ്ടാണ് ചികിത്സക്കായി വിദേശങ്ങളിലേക്ക് പോകുന്നതെന്ന് തുറന്നു പറയണമെന്ന ആവശ്യമാണുയരുന്നത്.

യുഎസിലെ മയോ ക്ലിനിക്കില്‍  മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞവര്‍ഷം 17  ദിവസങ്ങളാണ് ചികിത്സയില്‍ കഴിഞ്ഞത്. രോഗം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല. തൊണ്ടയിലെ ശബ്ദ തടസ്സത്തിനുള്ള ചികിത്സക്കായാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശത്തേക്ക് പോയത്. കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ എന്നിവരെല്ലാം വിദേശങ്ങളില്‍ ചികിത്സതേടി പ്രമുഖ നേതാക്കളുടെ കൂട്ടത്തിലുണ്ട്. മിക്കവരും യുഎസിലേക്കാണ് പോയത്.

സ്വകാര്യതയാകാം ചില രാഷ്ട്രീയ  നേതാക്കള്‍ വിദേശങ്ങളില്‍ ചികിത്സ തേടുന്നതിന് കാരണമെന്നാണ് ഡോക്ടര്‍ സുല്‍ഫി പറഞ്ഞത്. ഒരു പരിധിവരെ അത് ശരിയുമാണ്.

Other News