കേരളത്തില്‍ ലോക്ക് ഡൗണ്‍ ഉപേക്ഷിച്ചേക്കും; രോഗ വ്യാപനം തടയാന്‍ പുതിയ രീതി ആലോചനയില്‍


AUGUST 3, 2021, 7:28 AM IST

തിരുവനന്തപുരം :കോവിഡുമായി ബന്ധപ്പെട്ട്  കേരളത്തില്‍ നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താന്‍ ആലോചന. ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കുന്ന നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചേരുന്ന അവലോകന യോഗം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

ടിപിആര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാര്‍ശ. ടിപിആര്‍ പത്തില്‍ കൂടുതലുള്ള പ്രദേശങ്ങള്‍ മൈക്രോ കണ്ടയന്‍മെന്റ് സോണായി തിരിച്ച് അടച്ചിടല്‍ നടപ്പാക്കിയേക്കും. പത്തില്‍ കൂടുതല്‍ ടിപിആര്‍ ഉള്ള സ്ഥലങ്ങളില്‍ കര്‍ശന നിയന്ത്രണം  വേണമെന്ന കേന്ദ്ര നിര്‍ദ്ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

കടകള്‍ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗണ്‍ നിയന്ത്രണങ്ങളും പൂര്‍ണമായും മാറ്റിയേക്കും.  ടിപിആര്‍ കുറഞ്ഞ പ്രദേശങ്ങളില്‍ എല്ലാ കടകളും എല്ലാ ദിവസവും തുറക്കുന്നത് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുണ്ട്. തുറക്കുന്ന കടകളിലെ ജീവനക്കാരെ എല്ലാ ആഴ്ചയും പരിശോധിക്കും. പ്രധാനസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ കൊവിഡ് പരിശോധന കേന്ദ്രങ്ങള്‍ ആരംഭിക്കുന്ന കാര്യവും ശുപാര്‍ശയിലുണ്ട്. പ്രതിദിന പരിശോധന രണ്ട് ലക്ഷമാക്കി ഉയര്‍ത്തും. രോഗവ്യാപനത്തിന് ഇടവരാതെ ഓണത്തിന് കൂടുതല്‍ ഇളവുകള്‍ ലഭിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങളില്‍ മാറ്റം വരുത്താനാണ് ആലോചന. 

അതേസമയം സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണവും ടിപിആറും ഉയരുന്നതില്‍ കേന്ദ്ര സംഘം ചീഫ് സെക്രട്ടറിയെ ആശങ്ക അറിയിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കി ക്വാറന്റീന്‍ ശക്തിപ്പെടുത്തണമെന്നും കേന്ദ്ര സംഘം നിര്‍ദ്ദേശം നല്‍കി.

തിങ്കളാഴ്ച 13,984 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 118 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 10.93 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തൃശൂര്‍ 2350, മലപ്പുറം 1925, കോഴിക്കോട് 1772, പാലക്കാട് 1506, എറണാകുളം 1219, കൊല്ലം 949, കണ്ണൂര്‍ 802, കാസര്‍ഗോഡ് 703, കോട്ടയം 673, തിരുവനന്തപുരം 666, ആലപ്പുഴ 659, പത്തനംതിട്ട 301, വയനാട് 263, ഇടുക്കി 196 എന്നിങ്ങനേയാണ് ജില്ലകളില്‍  രോഗ ബാധ സ്ഥിരീകരിച്ചത്.

Other News