നിതി ആയോഗിന്റെ ആരോഗ്യസൂചികയില്‍ കേരളം വീണ്ടും ഒന്നാമത്


MAY 26, 2023, 3:35 PM IST

ന്യൂഡല്‍ഹി: ആരോഗ്യമേഖലയിലെ പ്രകടനം അടിസ്ഥാനമാക്കിയുള്ള നിതി ആയോഗിന്റെ ഹെല്‍ത്ത് ഇന്‍ഡെക്‌സില്‍ വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം, തമിഴ്നാട്, തെലങ്കാന എന്നീ മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ മുന്നിലെത്തിയതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

  2020-21 വര്‍ഷം ആരോഗ്യമേഖലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച് തയ്യാറാക്കിയ ഹെല്‍ത്ത് ഇന്‍ഡെക്‌സിലാണ് കേരളം മികച്ച പ്രകടനം കാഴ്ച വച്ചതെന്ന് നിതി ആയോഗ് രേഖ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. ചെറിയ സംസ്ഥാനങ്ങളില്‍ ത്രിപുരയാണ് മികച്ച പ്രകടനം നടത്തിയത്. കേന്ദ്രഭരണപ്രദേശങ്ങളില്‍ ഡല്‍ഹി ഏറ്റവും അവസാന സ്ഥാനത്താണ്.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും ആരോഗ്യ മേഖലയിലെ പ്രകടനം അളക്കുന്ന വാര്‍ഷിക ആരോഗ്യ സൂചിക 2017 മുതലാണ് നിതി ആയോഗ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. 24 മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്‌കോര്‍ നിശ്ചയിക്കുന്നത്. കേന്ദ്ര ആരോഗ്യ  കുടുംബക്ഷേമ മന്ത്രാലയവുമായി സഹകരിച്ച് ലോകബാങ്കിന്റെ സാങ്കേതിക സഹായത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുക

2020-21 (അഞ്ചാമത്തെ) വര്‍ഷത്തെ ആരോഗ്യ സൂചിക റിപ്പോര്‍ട്ട് 2022 ഡിസംബറോടെ പ്രസിദ്ധീകരിക്കേണ്ടതായിരുന്നുവെങ്കിലും ഇതുവരെ പരസ്യമാക്കിയിട്ടില്ല. അതേസമയം, റിപ്പോര്‍ട്ട് നിതി ആയോഗ് ആരോഗ്യ മന്ത്രാലയവുമായി പങ്കിട്ടതായി അറിയുന്നു. റിപ്പോര്‍ട്ട് യഥാസമയം പുറത്തുവിടുമെന്നാണ് നിതി ആയോഗ് ഉദ്യോഗസ്ഥനെ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത്.

ഓരോ വര്‍ഷത്തെയും പുരോഗതി, മൊത്തത്തിലുള്ള പ്രകടനം എന്നീ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ആരോഗ്യ സൂചികയില്‍ ഉള്‍പ്പെടുത്തുന്നത്. വലിയ സംസ്ഥാനങ്ങള്‍, ചെറിയ സംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിങ്ങനെ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും പ്രത്യേകം തരംതിരിച്ചിരിക്കുന്നു. തുടര്‍ന്ന് അവയുടെ സ്‌കോറുകള്‍ അടിസ്ഥാനമാക്കി റാങ്ക് ചെയ്യുന്നു.

ആരോഗ്യ രംഗത്തെ മൊത്തത്തിലുള്ള പ്രകടനം കണക്കാക്കി തയ്യാറാക്കിയ 19 വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളമാണ് ഒന്നാം സ്ഥാനത്ത്. തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ബിഹാര്‍ (19), ഉത്തര്‍പ്രദേശ് (18), മധ്യപ്രദേശ് (17) എന്നീ മൂന്നു സംസ്ഥാനങ്ങളാണ് ഏറ്റവും പിന്നിലുള്ളത്. 2019-20 ലെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2020-21 ലെ മികച്ച മൂന്ന് പ്രകടനക്കാരായി രാജസ്ഥാന്‍, ഉത്തരാഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ മുന്നിലെത്തി.

എട്ടു ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ത്രിപുരയാണ് മികച്ച പ്രകടനം നടത്തിയത്. സിക്കിമും ഗോവയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. അരുണാചല്‍പ്രദേശ് (6), നാഗാലന്‍ഡ് (7), മണിപ്പൂര്‍ (8) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ പിന്നിലുള്ളത്. എട്ടു കേന്ദ്രഭരണപ്രദേശങ്ങളില്‍ ലക്ഷദ്വീപ് ഒന്നാം സ്ഥാനം നേടി. ഡല്‍ഹിയാണ് ഏറ്റവും പിന്നില്‍.

2021 ഡിസംബര്‍ 27 ന് പ്രസിദ്ധീകരിച്ച 2019-20 ലെ ആരോഗ്യസൂചികയില്‍ വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും തമിഴ്‌നാടുമാണ് മുന്നിലെത്തിയത്. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാം, ത്രിപുര, സിക്കിം ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. മണിപ്പൂര്‍ (6), അരുണാചല്‍പ്രദേശ് (7), നാഗാലന്‍ഡ് (8) എന്നിവയായിരുന്നു ഏറ്റവും പിന്നില്‍. കേന്ദ്രഭരണപ്രദേശങ്ങളില്‍ ദാദ്ര നഗര്‍ ഹവേലിയായിരുന്നു മുന്നില്‍. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബാര്‍ ദ്വീപുകളായിരുന്നു പിന്നില്‍.

Other News