മാധ്യമ പ്രവർത്തകന്റെ മരണം:ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തപരിശോധന വൈകിയതിൽ വിചിത്രവാദവുമായി പൊലീസ്


AUGUST 18, 2019, 12:54 AM IST

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസ് ഓടിച്ച കാറിടിച്ച് മാധ്യമപ്രവ‍ർത്തകൻ കെ എം ബഷീ‍ർ മരിച്ചകേസില്‍ വിചിത്രവാദവുമായി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. ബഷീറിന്‍റെ മരണത്തില്‍ പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടാക്കിയത്. 

മൊഴി നല്‍കാന്‍ വൈകിയത് കാരണം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകി.പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്‌ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നും പ്രത്യേക അന്വേഷണ ഉദ്യോഗസ്ഥൻ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ബഷീർ പ്രവർത്തിച്ചിരുന്ന സിറാജ് പത്രത്തിന്റെ മാനേജര്‍ സെയ്‌ഫുദ്ദീന്‍ ഹാജി ആദ്യം മൊഴി നല്‍കാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമെ മൊഴി നല്‍കൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്‌ഫുദ്ദീന്‍ ഹാജി മൊഴി നല്‍കിയ ശേഷം മാത്രമെ ശ്രീറാമിന്റെ രക്തമെടുക്കാന്‍ കഴിഞ്ഞുള്ളൂവെന്നുമാണ് വിശദീകരണം.

പ്രാഥമിക അന്വേഷണത്തിൽ പൊലീസ് നടത്തിയ അട്ടിമറികള്‍ മറച്ചുവയ്ക്കുന്നതാണ് പ്രത്യേക സംഘത്തിന്‍റെ പുതിയ റിപ്പോർട്ട്.ഒരു അപകടമുണ്ടായി മരണമുണ്ടായാൽ പൊലീസിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്‌തു നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്നിരിക്കെയാണ് പൊലീസ് വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 

സംഭവത്തില്‍ വാഹനാപകടം കൈകാര്യം ചെയ്‌തതില്‍ വീഴ്‌ച വരുത്തിയ മ്യൂസിയം സ്റ്റേഷനിലെ ക്രൈം എസ് ഐ ജയപ്രകാശിനെ സസ്പെന്‍ഡ് ചെയ്‌തിരുന്നു.രക്തപരിശോധന നടത്തുന്നതിലും എഫ് ഐ ആര്‍ രേഖപ്പെടുത്തുന്നതിലും എസ്.ഐ വീഴ്‌ച വരുത്തിയതായി വ്യക്തമായിരുന്നു. കേസന്വേഷണത്തില്‍ നിന്ന് മ്യൂസിയം സി ഐയുടെ നേതൃത്വത്തിലുള്ള സംഘത്തെ മാറ്റുകയുമുണ്ടായി.

ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി ഷേഖ് ദര്‍ബേഷ് സാഹിബിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ചിന്റെയും പൊലീസിന്റെയും സംയുക്തസംഘമാണ് കേസ് അന്വേഷിക്കുന്നത്.

Other News