ഗിഫ്റ്റ് വൗച്ചറുകളും സ്ക്രാച് കാര്‍ഡുകളുമായി ഓണ്‍ലൈന്‍ തട്ടിപ്പ്;അനര്‍ഹമായ സമ്മാനങ്ങള്‍ ചതിക്കുഴിയില്‍ വീഴ്ത്തുമെന്ന് പൊലീസ് 


AUGUST 19, 2019, 1:00 AM IST

തിരുവനന്തപുരം: ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ ജാഗ്രത വേണമെന്നു ആവർത്തിച്ചാവർത്തിച്ച്  ഓര്‍മിപ്പിച്ച്‌ കേരള പൊലീസ്. ഫേസ്‌ബുക്ക് കുറിപ്പിലാണ് ഗിഫ്റ്റ് വൗച്ചറുകളും സ്ക്രാച് കാര്‍ഡുകളുമായി ഓണ്‍ലൈന്‍ തട്ടിപ്പെന്നും അനര്‍ഹമായ സമ്മാനങ്ങള്‍ ചതിക്കുഴിയില്‍ വീഴ്ത്തുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. 

ഇതൊക്കെ എത്ര കണ്ടതാണ് എന്ന് ഭാവിക്കുന്ന മലയാളികള്‍ വീണ്ടും ഇത്തരം ചതിക്കുഴികളില്‍ വീഴുകയാണ്. പുതിയ രൂപത്തിലും ഭാവത്തിലുമുള്ള തട്ടിപ്പുകള്‍ തിരിച്ചറിഞ്ഞ് മാറി നില്‍ക്കാന്‍ കഴിയണമെന്നും പൊലീസ് കുറിപ്പില്‍ പറയുന്നു.

കേരള പൊലീസിന്റെ കുറിപ്പിന്റെ പൂർണരൂപം:

ഗിഫ്റ്റ് വൗച്ചറുകളും സ്ക്രാച് കാര്‍ഡുകളുമായി ഓണ്‍ലൈന്‍ തട്ടിപ്പ് : അനര്‍ഹമായ സമ്മാനങ്ങള്‍ ചതിക്കുഴിയില്‍ വീഴ്ത്തും

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ പലരൂപത്തിലും ഭാവത്തിലും വരും… നമ്മളിതൊക്കെ എത്രകണ്ടതാ എന്ന് ഭാവിക്കുന്ന മലയാളികള്‍ വീണ്ടും വീണ്ടും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നു. സ്നാപ്പ് ഡീല്‍, ഷോപ് ക്ലൂസ് പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളെ കൂട്ടുപിടിച്ചാണ് തട്ടിപ്പ്. ലക്ഷക്കണക്കിന് രൂപയുടെ ഗിഫ്റ്റ് വൗച്ചര്‍ പോസ്റ്റല്‍ വഴി അയച്ചാണ് സാധാരണക്കാരെ ഇത്തരക്കാര്‍ വലയില്‍ വീഴ്ത്തുന്നത്. പ്രമുഖ കമ്പനികള്‍ ഇത്തരത്തില്‍ ഒരു സമ്മാനപദ്ധതികളും നറുക്കെടുപ്പുകളും നടത്തുന്നില്ല എന്നവിവരം അറിയിച്ചിട്ടുണ്ട്.

നാം എപ്പോഴെങ്കിലും ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങുന്നതിനോ സൈറ്റുകളില്‍ രെജിസ്റ്റര്‍ ചെയ്യുന്നതിനോ നല്‍കുന്ന മേല്‍വിലാസവും വിവരങ്ങളും കൈക്കലാക്കിയാണ് തട്ടിപ്പുകാര്‍ വലവീശുന്നത്‌. ലക്ഷക്കണക്കിന് രൂപയുടെ സമ്മാനകൂപ്പണുകള്‍ പോസ്റ്റല്‍ വഴി മേല്‍വിലാസത്തില്‍ അയച്ചുതരും. ഇത് വിശ്വസിക്കുന്ന സാധാരണക്കാരെയാണ് ഇത്തരക്കാര്‍ വലയില്‍ വീഴ്ത്തുന്നത്. 

ഗിഫ്റ്റ് വൗച്ചറുകള്‍ക്കും സ്ക്രാച് കാര്‍ഡുകള്‍ക്കുമൊപ്പം നിബന്ധനകള്‍ രേഖപ്പെടുത്തിയ കത്തുമാണ് തപാലില്‍ ലഭിക്കുന്നത്. സമ്മാനകൂപ്പണ്‍ നറുക്കെടുപ്പില്‍ വിജയിയായെന്നും, സമ്മാനതുക പൂര്‍ണമായും ലഭിക്കുന്നതിന് നിശ്ചിത ശതമാനം തുക പ്രോസസ്സിംഗ് ഫീസായോ നികുതിയായോ അടക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്. കൂടാതെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഇതിനോട് അനുബന്ധമായി ആവശ്യപ്പെടുകയും ചെയ്യും. തട്ടിപ്പുകാരുടെ വാഗ്‌ദാനത്തില്‍ മോഹിച്ചു പണം അടച്ചവര്‍ വഞ്ചിക്കപ്പെടുകയും ചെയ്യും. ബാങ്കിങ് വിവരങ്ങള്‍ നൽകുന്നവരും തട്ടിപ്പിനിരയാകും.

ലക്ഷങ്ങളുടെയും കോടികളുടെയും സമ്മാനവാഗ്‌ദാനങ്ങളുമായി എസ് എം എസ് ,  ഇ മെയില്‍, തപാല്‍ മാര്‍ഗങ്ങളിലൂടെ ലഭിക്കുന്ന സന്ദേശങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. ബാങ്കിങ് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിപരമായ വിവരങ്ങള്‍ യാതൊരു കാരണവശാലും ഇത്തരം തട്ടിപ്പുകാര്‍ക്ക് കൈമാറരുത്. അനര്‍ഹമായ സമ്മാനങ്ങള്‍ തേടിപ്പോകുന്നവരാണ് ഇത്തരം തട്ടിപ്പുകള്‍ക്കിരയാകുന്നത്.

Other News