സി.എ.ജി റിപ്പോര്‍ട്ട് തെറ്റ്; തോക്കുകള്‍ കളവ് പോയിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്


FEBRUARY 13, 2020, 10:48 PM IST

തിരുവനന്തപുരം: സേനയില്‍നിന്ന് തോക്കുകള്‍ കളവ് പോയിട്ടില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്. സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സി.എ.ജി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ തോക്കുകള്‍ കണ്ടെത്തിയിരുന്നു. സി.എ.ജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുംമുമ്പ് പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മൂന്നുതവണ സമര്‍പ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. 

തിരുവനന്തപുരം എസ്.പി ക്യാംപില്‍നിന്നും 25 തോക്കുകളും 12,061 വെടിയുണ്ടകളും കാണാതായി എന്നായിരുന്നു സി.എ.ജി റിപ്പോര്‍ട്ട്. എന്നാല്‍, തോക്കുകള്‍ ക്യാംപില്‍ തന്നെയുണ്ടെന്നാണ് പൊലീസ് വിശദീകരണം. അതേസമയം, ഇവ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി. പല ക്യാംപുകളിലേക്കും കൊണ്ടുപോയ തോക്കുകള്‍ എസ്.പി ക്യാംപില്‍ തന്നെ ശേഖരിച്ചുവെച്ചിട്ടുണ്ട്. സി.എ.ജി അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുംമുമ്പ് ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. 

അതേസമയം, സി.എ.ജി റിപ്പോര്‍ട്ടിനെക്കുറിച്ച് നിയമസഭയില്‍ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന്റെ ആവശ്യമില്ല. അതിനു അതിന്റേതായ നടപടിക്രമം ഉണ്ട്. അതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Other News