കേരള സര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി മാര്‍ക്ക് തട്ടിപ്പ് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും


NOVEMBER 17, 2019, 12:25 PM IST

തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ രേഖകള്‍ തിരുത്തി മാര്‍ക്ക് തട്ടിപ്പ് നടത്തിയ സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. സര്‍വകലാശാലയുടെ കംപ്യൂട്ടര്‍ ശൃംഖലയില്‍ കടന്നുകയറി മോഡറേഷന്‍ മാര്‍ക്ക് കൂട്ടി നല്‍കി വിദ്യാര്‍ഥികളെ ജയിപ്പിച്ചെന്നാണ് പരാതി. തിരിമറി കണ്ടെത്തിയ മാര്‍ക്ക് ലിസ്റ്റുകള്‍ റദ്ദാക്കി പുതിയത് നല്‍കാന്‍ സര്‍വകലാശാല തീരുമാനിച്ചിട്ടുണ്ട്.

2016- ജൂണ്‍ മുതല്‍ 2019 ജനുവരി വരെയുള്ള 16 പരീക്ഷകളിലെ മാര്‍ക്കുകളാണ് തിരുത്തിയത്. മൂല്യ നിര്‍ണയത്തിന് മുമ്പ് സര്‍വകലാശാല പാസ് ബോര്‍ഡ് തീരുമാനിച്ച മോഡറേഷന്‍ മാര്‍ക്ക് അനധികൃതമായി കൂട്ടി നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

സ്ഥലം മാറിപ്പോയ ഡപ്യൂട്ടി റജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ചായിരുന്നു കൃത്രിമം. പാസ് ബോര്‍ഡ് തീരുമാനിച്ച മോഡറേഷന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കാത്ത സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യോഗസ്ഥ 2018 നവംബറില്‍ സ്ഥലംമാറി പോയതിന് ശേഷവും തട്ടിപ്പ് നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകളും പുറത്തുവന്നു.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാര്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തിരുന്നു. രേഖകള്‍ തിരുത്തി മാര്‍ക്ക് തട്ടിപ്പ് നടത്തിയതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാല നിര്‍ബന്ധിതമായതെന്നാണ് സൂചന.

ബി എസ് സി ഫിസിക്‌സ്, കെമസ്ട്രി, ബി കോം, ബി ബി എ ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ മാര്‍ക്കുകളാണ് തിരുത്തിയത്. ഇതിനിടെ ഗുരുതരമായ വീഴ്ച മറച്ചു വയ്ക്കാന്‍ സര്‍വകലാശാല തലത്തില്‍ നീക്കം നടക്കുന്നതായും ആരോപണവുമായി മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജ്യോതികുമാര്‍ ചാമക്കാലയും ആര്‍ എസ് ശശികുമാറും രംഗത്തെത്തി.

Other News