കേരള സര്‍വ്വകലാശാല: മോഡറേഷന്‍ ക്രമക്കേട് നടത്തിയത് 12 പരീക്ഷകളില്‍; കൂടുതല്‍ യൂസര്‍ ഐഡികള്‍ ഉപയോഗിച്ചതായി സംശയം


NOVEMBER 17, 2019, 12:05 PM IST

തിരുവനന്തപുരം: കേരള സര്‍വകലാശാല നടത്തിയ 12 പരീക്ഷകളില്‍ ക്രമക്കേട് നടത്തിയതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. സര്‍വകലാശാല കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഡെപ്യൂട്ടി രജിസ്ട്രാറുടേത് കൂടാതെ കൂടുതല്‍ യൂസര്‍ ഐഡികള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നു. ഇക്കാര്യം പരിശോധിക്കാന്‍ മൂന്നംഗ സംഘത്തെ സര്‍വകലാശാല ചുമതലപ്പെടുത്തി.

അന്വേഷണത്തിന് ആവശ്യമെങ്കില്‍ വിദഗ്ധരുടെ സഹായം തേടാനും സര്‍വകലാശാല തീരുമാനിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് പ്രഥാമിക നിഗമനം. ഇക്കാര്യത്തില്‍ ബാഹ്യശക്തികളുടെ ഇടപെടലും പരിശോധിക്കും.  ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും സര്‍വകലാശാലയിലെ മൂന്നംഗ സമിതിയും ഇക്കാര്യം അന്വേഷിക്കും. സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് 22ന് ചേരുന്ന സിന്‍ഡിക്കേറ്റ് യോഗം ചര്‍ച്ച ചെയ്യും.

2016- ജൂണ്‍ മുതല്‍ 2019 ജനുവരി വരെയുള്ള 16 പരീക്ഷകളിലെ മാര്‍ക്കുകളാണ് തിരുത്തിയത്. മൂല്യ നിര്‍ണയത്തിന് മുമ്പ് സര്‍വകലാശാല പാസ് ബോര്‍ഡ് തീരുമാനിച്ച മോഡറേഷന്‍ മാര്‍ക്ക് അനധികൃതമായി കൂട്ടി നല്‍കിയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്.

സ്ഥലം മാറിപ്പോയ ഡപ്യൂട്ടി റജിസ്ട്രാറുടെ യൂസര്‍ ഐഡി ഉപയോഗിച്ചായിരുന്നു കൃത്രിമം. പാസ് ബോര്‍ഡ് തീരുമാനിച്ച മോഡറേഷന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കാത്ത സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യോഗസ്ഥ 2018 നവംബറില്‍ സ്ഥലംമാറി പോയതിന് ശേഷവും തട്ടിപ്പ് നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകളും പുറത്തുവന്നു

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാര്‍ക്കെതിരെ സര്‍വകലാശാല നടപടിയെടുത്തിരുന്നു. രേഖകള്‍ തിരുത്തി മാര്‍ക്ക് തട്ടിപ്പ് നടത്തിയതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍വകലാശാല നിര്‍ബന്ധിതമായതെന്നാണ് സൂചന.

ബി എസ് സി ഫിസിക്‌സ്, കെമസ്ട്രി, ബി കോം, ബി ബി എ ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ മാര്‍ക്കുകളാണ് തിരുത്തിയത്. ഇതിനിടെ ഗുരുതരമായ വീഴ്ച മറച്ചു വയ്ക്കാന്‍ സര്‍വകലാശാല തലത്തില്‍ നീക്കം നടക്കുന്നതായും ആരോപണവുമായി മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജ്യോതികുമാര്‍ ചാമക്കാലയും ആര്‍ എസ് ശശികുമാറും രംഗത്തെത്തി.

Other News