വീണ്ടും സ്വന്തം സൈന്യം;മത്സ്യത്തൊഴിലാളികൾ രക്ഷിച്ചത് ആയിരത്തോളംപേരെ  


AUGUST 10, 2019, 12:05 AM IST

തിരുവനന്തപുരം:കലികൊണ്ട കാലവർഷത്തിൽ കേരളം മറ്റൊരു ദുരന്തത്തെക്കൂടി അഭിമുഖീകരിക്കുമ്പോൾ രക്ഷകരായി വീണ്ടും നാടിന്റെ സ്വന്തം സൈന്യം-മത്സ്യത്തൊഴിലാളികൾ. ഫിഷറീസ് വകുപ്പും മത്സ്യത്തൊഴിലാളികളും കൈകോർത്ത് ഇതുവരെ രക്ഷിച്ചത് ആയിരത്തോളം പേരെയാണ്.

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ രക്ഷാബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഏകോപിപ്പിച്ചാണ് സംസ്ഥാനത്തെ വിവിധ പ്രളയബാധിതമേഖലകളിൽ നിന്ന് നിരവധിപേരെ രക്ഷാകേന്ദ്രങ്ങളിലെത്തിക്കാനായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിവരെ 710 പേരെ രക്ഷിച്ചതായി വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിലുമേറെ വരും ദൗത്യം ജീവൻ തിരികെ നൽകിയവരുടെ യഥാർഥ എണ്ണം.

മിക്ക ബോട്ടുകളും ഇപ്പോഴും രക്ഷാപ്രവർത്തനത്തിൽ വ്യാപൃതമാണ്.ആകെ 288 ബോട്ടുകൾ രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയതിൽ 107 എണ്ണം വിവിധ ജില്ലകളിൽ രക്ഷാദൗത്യത്തിനിറങ്ങി.  പരിശീലനം നൽകിയ രക്ഷാസ്‌ക്വാഡിൽ 271 പേരാണ് സുസജ്ജമായി രംഗത്തുള്ളത്. ഇതിൽ 77 പേരെ വിന്യസിച്ചിട്ടുണ്ട്. ആവശ്യം വരുന്നതനുസരിച്ച് ബാക്കിയുള്ളവരെയും രക്ഷാദൗത്യത്തിന് നിയോഗിക്കും. 

ഇതിനുപുറമെ,സ്വയം സന്നദ്ധരായി  579 മത്സ്യത്തൊഴിലാളികൾ മുന്നോട്ടുവന്നു.ഇതിൽ 225 പേരെ വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറക്കിയിട്ടുണ്ട്.പരിശീലനം സിദ്ധിച്ച മത്സ്യത്തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ സജ്ജരായിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽനിന്നാണ്. 80 പേർ. സ്വയം സന്നദ്ധരായി  രക്ഷാപ്രവർത്തനത്തിനു മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ പേർ സജ്ജരായത് ആലപ്പുഴയിൽ നിന്നാണ്- 180 പേർ. 

എറണാകുളത്ത് നിന്നുള്ള വള്ളങ്ങൾ ആലുവ, ഏലൂർ, പറവൂർ മേഖലകളിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.. തൃശൂരിൽ നിന്നുള്ളവരെ ചാലക്കുടി, നിലമ്പൂർ, മാള, പാലക്കാട് മേഖലകളിൽ നിയോഗിച്ചു.മലപ്പുറത്ത് നിന്നുള്ളവർ നിലമ്പൂർ, എടവണ്ണ, കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, പോത്തുകല്ല്, വാഴക്കാട് പ്രദേശങ്ങളിലാണ്. 

മലപ്പുറത്തു നിന്നുള്ള സംഘമാണ് ഇതുവരെ ഏറ്റവും കൂടുതൽ പേരെ രക്ഷിച്ചത്.  310 പേരെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ചു.കോഴിക്കോട് നിന്നുള്ളവർ ബേപ്പൂർ, താമരശ്ശേരി, വാഴൂർ, ചാലിയം, ഫെറോക്, മാവൂർ, ഒളവണ്ണ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ വ്യാപൃതരാണ്. കണ്ണൂർ നിന്നുള്ള വള്ളങ്ങൾ ഇരിട്ടി, ശ്രീകണ്ഠാപുരം, ചെങ്കളായി, കുട്ടിയാട്ടൂർ, മയ്യിൽ, പാപ്പിനിശ്ശേരി, നാറാത്ത്, വാരം, കക്കാട്, മുല്ലക്കോടി, പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നു. 

വയനാട് നിന്നുള്ള വള്ളങ്ങൾ വൈത്തിരിയിലാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.. പാലക്കാട് നിന്നുള്ള വള്ളങ്ങൾ ആലത്തൂർ, പട്ടാമ്പി, ഒറ്റപ്പാലം എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുന്നു.ഇതുകൂടാതെ സജ്ജമായ മറ്റു വള്ളങ്ങളും മത്സ്യത്തൊഴിലാളികളും ഏതുസമയത്തും ആവശ്യമുള്ള മേഖലകളിലേക്ക് എത്താൻ തയാറായി നിൽക്കുകയാണെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു.