ഐ.എസ്സില്‍ ചേര്‍ന്ന മലയാളി അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടു


JULY 31, 2019, 6:50 PM IST

കോഴിക്കോട്: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ല്‍ ചേര്‍ന്ന മലപ്പുറം എടപ്പാള്‍ സ്വദേശി മുഹമ്മദ് മൊഹ്‌സിന്‍ അഫ്ഗാനിസ്ഥാനില്‍വച്ച് കൊല്ലപ്പെട്ടതായി വാട്‌സ് ആപ്പ് സന്ദേശം.  യു.എസ് ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടിട്ടുള്ളത്.'നിങ്ങളുടെ സഹോദരന്‍ ആഗ്രഹിച്ച സ്ഥാനം പൂകി' എന്നായിരുന്നു സന്ദേശമെന്ന് മലയാളത്തില്‍ ഒരു പ്രമുഖമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യം പോലീസിനെ അറിയിച്ചാല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് കുടുംബത്തിന് ഭീഷണിയുമുണ്ട്. തുടര്‍ന്ന് ഇക്കാര്യങ്ങള്‍ ബന്ധുക്കള്‍ അധികൃതരോട് മറച്ചുവയ്ക്കുകയായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇയാള്‍ കൊല്ലപ്പെട്ട രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി എടപ്പാളെത്തിയെങ്കിലും ബന്ധുക്കള്‍ രഹസ്യം വെളിപെടുത്തിയില്ല. എന്നാല്‍ ഇത് ബന്ധുക്കള്‍ മന: പൂര്‍വ്വം ചെയ്തതാണോ എന്നും അറിവായിട്ടില്ല.2017 ഒക്ടോബറില്‍ ഐ.എസ്സില്‍ ചേര്‍ന്ന മൊഹ്‌സിന്‍ അഫ്ഗാനിസ്താനിലെ ഖോറോസാന്‍ പ്രവിശ്യയില്‍ ഒരു ഐ.എസ് കമാന്‍ഡര്‍ക്കൊപ്പം ഭീകരവാദ പ്രവര്‍ത്തനം നടത്തി വരികയായിരുന്നുവെന്നും ഇയാളും ഒപ്പം ഉണ്ടായിരുന്ന ഐ.എസ് കമാന്‍ഡറും ജൂലായ് 18ന് കൊല്ലപ്പെട്ടുവെന്നുമായിരുന്നു വാട്‌സ് ആപ്പ് സന്ദേശം.ഏതാണ്ട് 40ഓളം പേര്‍ രാജ്യത്തുനിന്ന് അടുത്തിടെ ഐ.എസ്സില്‍ ചേര്‍ന്നുവെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്ന വിവരം. നേരത്തെതന്നെ ഐ.എസ്സില്‍ ചേര്‍ന്ന ഇന്ത്യക്കാരായ 98 പേരില്‍ 38 പേര്‍ കൊല്ലപ്പെട്ടു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളില്‍നിന്ന് ഉള്ളവര്‍ നിലവില്‍ ഭീകര സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Other News