കെവിന്‍ കേസ്: ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷന്‍, വിധി പറയാന്‍ 22 ലേക്ക് മാറ്റി


AUGUST 14, 2019, 4:31 PM IST

കോട്ടയം: പ്രണയ വിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കെവിന്റെ മരണം ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ബുധനാഴ്ച വിധി പറയാന്‍ കേസ് പരിഗണിച്ചപ്പോഴാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം കോടതിയില്‍ ഉന്നയിച്ചത്. അതേസമയം, കെവിന്‍ കേസ് വിധി പറയാനായി മാറ്റി. ഈ മാസം 22ന് കേസ് വിധി പറയാനായി പരിഗണിക്കും.

ദുരഭിമാനക്കൊല ആണോ എന്ന കാര്യത്തില്‍ അഭിപ്രായം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. ഇരുഭാഗത്തോടുമാണ് ഇക്കാര്യം കോടതി ഇന്ന് ആവശ്യപ്പെട്ടത്. കെവിന്റെ വധം ദുരഭിമാനക്കൊലയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണ് ഇത്. പിന്നോക്ക വിഭാഗത്തില്‍പ്പെട്ടയാളാണ് കെവിനെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇക്കാര്യം സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ വില്ലേജ് രേഖകളും ഹാജരാക്കി.

കെവിന്‍ പിന്നോക്കക്കാരന്‍ ആയതിനാലാണ് വിവാഹം അംഗീകരിക്കാത്തത്. ഇതിന് തെളിവുണ്ടെന്നും മുഖ്യസാക്ഷി ലിജോയോട് ഒന്നാംപ്രതി സാനു ചാക്കോ നടത്തിയ ഫോണ്‍ സംഭാഷണം ദുരഭിമാനക്കൊലയാണെന്നതിന് തെളിവാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കെവിന്‍ താഴ്ന്ന ജാതിയില്‍ പെട്ടയാളാണെന്ന് ചാക്കോ ലിജോയോടും പറഞ്ഞു. ഇതെല്ലാം ദുരഭിമാന കൊലയിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം, ഒരു മാസത്തിനകം കല്യാണം നടത്തിക്കൊടുക്കാം എന്ന് പറഞ്ഞിരുന്നെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പൊലീസ് സ്റ്റേഷനില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം പറഞ്ഞിരുന്നു. നീനുവും ഇക്കാര്യം സമ്മതിച്ചതായി മൊഴി ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു. മൂന്ന് തലമുറയായി തങ്ങള്‍ ക്രിസ്ത്യാനികളാണെന്ന് സാക്ഷിമൊഴിയുണ്ടെന്നും ക്രിസ്ത്യാനികള്‍ക്കിടയില്‍ ജാതി വ്യത്യാസമില്ലെന്നും പ്രതിഭാഗം വാദിച്ചു.

നീനുവിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍ ഉണ്ടെന്നും പ്രതികള്‍ എല്ലാം പല ജാതിയില്‍പെട്ടതാണെന്നും അതിനാല്‍ തന്നെ ജാതീയമായ വൈരാഗ്യം പ്രതികള്‍ക്ക് വരില്ലെന്നും പ്രതിഭാഗം വാദിച്ചു.

Other News