കെവിന്‍ വധക്കേസില്‍ വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി


AUGUST 24, 2019, 3:05 PM IST

കോട്ടയം: കെവിന്‍ വധക്കേസില്‍ വിധിപറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്. വികാരാധീനനായി ബൈബിള്‍ വചനങ്ങള്‍ അടക്കം ഉരുവിട്ടുകൊണ്ടാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചതെന്നും പ്രതികള്‍ കോടതിയില്‍ പൊട്ടിക്കരഞ്ഞുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണമെന്നും പ്രതികളുടെ പ്രായം പരിഗണിക്കണെന്നും  ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലെന്നും പ്രതികളെ അശ്രയിച്ച് കഴിയുന്ന കുടുംബം ഉണ്ടെന്നും ഇതെല്ലാം പരിഗണിച്ച് വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. 

എന്നാല്‍  അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച്  വധശിക്ഷ തന്നെ നല്‍കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം.പ്രതികള്‍ക്ക് പറയാനുള്ളതും കോടതി കേട്ടു. ശിക്ഷ ഇളവുചെയ്യണമെന്നും തങ്ങളെ ആശ്രയിച്ച് കഴിയുന്ന കുടുംബം ഉണ്ടെന്നും മാതാപിതാക്കള്‍ക്ക് പ്രായമായെന്നും ശിക്ഷ വിധിക്കുമ്പോള്‍ ഇതെല്ലാം പരിഗണിക്കണമെന്നുമാണ് പ്രതികള്‍ പറഞ്ഞത്. 

കഴിഞ്ഞദിവസം ദുരഭിമാനക്കൊലയെന്ന് വിധിച്ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയടക്കം 10 പ്രതികള്‍ കുറ്റക്കാരാണെന്നും കണ്ടെത്തിയിരുന്നു. നീനുവിന്റെ അച്ഛന്‍ ചാക്കോ ജോണ്‍ ഉള്‍പ്പെടെ നാല് പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു. 

Other News