കെവിന്‍ വധക്കേസില്‍ സെഷന്‍സ് കോടതി നാളെ വിധിപറയും


AUGUST 13, 2019, 3:01 PM IST

കോട്ടയം:  പ്രണയിച്ച് വിവാഹം കഴിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ നട്ടാശേരി സ്വദേശി കെവിന്‍ പി ജോസഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസില്‍ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വിധിപറയും. മൂന്ന് മാസത്തെ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി അവസാനഘട്ട നടപടികളിലേക്ക് കടക്കുന്നത്. കെവിന്റെ പ്രണയിനി നീനുവിന്റെ പിതാവും സഹോദരനുമടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്.

നിര്‍ണായക മൊഴികളും തെളിവുകളും തൊണ്ടിമുതലുകളും പരിശോധിച്ചാണ് കോടതി വിധിപ്രസ്താവനയ്ക്ക് ഒരുങ്ങുന്നത്. കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടു പോയ അനീഷിന്റെയും, കെവിന്റെ പ്രണയിനി നീനുവിന്റെയും മൊഴികളാണ് ഇതില്‍ പ്രധാനം. കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്‍ വാദത്തിന് ബലം നല്‍കുന്നതായിരുന്നു നീനുവിന്റെ മൊഴി. പ്രതികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഫോണ്‍ സംഭാഷണം അടക്കം ഇരുന്നൂറ്റിമുപ്പത്തിയഞ്ച് രേഖകളും അന്‍പത്തിയഞ്ച് മുതലുകളും കോടതി പരിശോധിച്ചു.

മരണം കൊലപാതകമെന്ന് സ്ഥീരീകരിക്കുന്ന ഫോറന്‍സിക് സര്‍ജന്‍മാരുടെ മൊഴികളും കേസില്‍ നിര്‍ണായകമാകും. നീനുവിന്റെ സഹോദരന്‍ ഷാനു ചോക്കോ, പിതാവ് ചാക്കോ എന്നവരടക്കം പതിനാല് പ്രതികളാണ് കേസിലുള്ളത്. ഇവര്‍ക്കെതിരെ ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍, ഭീഷണി മുഴക്കല്‍, കൊലപാതകം തുടങ്ങി പത്ത് വകുപ്പുകളാണ് കുറ്റപത്രത്തിലുള്ളത്.

കഴിഞ്ഞ വര്‍ഷം മേയ് ഇരുപത്തിയേഴിനാണ് കെവിന്‍ ജോസഫ് കൊല്ലപ്പെട്ടത്.

Other News