കെവിന്‍ ദുരഭിമാനക്കൊല:  പ്രതികള്‍ക്കെല്ലാം ഇരട്ട ജീവപര്യന്തം


AUGUST 27, 2019, 11:48 AM IST

കോട്ടയം: പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ കൊലയാളികള്‍ക്ക്  ഇരട്ട ജീവപര്യന്തം.

സംസ്ഥാനത്തെ ആദ്യ ദുരഭിമാനക്കൊലക്കേസിലാണ് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി. കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്തു പ്രതികളും 40000 രൂപ വീതം പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും വിധിയിലുണ്ട്.

കേസിലെ സാക്ഷിയും കെവിനൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ടയാളുമായ അനീഷ് സെബാസ്റ്റ്യന്  ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. ബാക്കി തുക നീനുവിനും കെവിന്റെ പിതാവിനും വീതിച്ച് നല്‍കണം.

ഒന്നാം പ്രതി നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ (27), രണ്ടാം പ്രതി നിയാസ് മോന്‍ (ചിന്നു - 24), മൂന്നാം പ്രതി ഇഷാന്‍ ഇസ്മയില്‍ (21), നാലാം പ്രതി റിയാസ് (27), ആറാം പ്രതി മനു മുരളീധരന്‍ (27),? ഏഴാം പ്രതി ഷിഫിന്‍ സജാദ് (28), എട്ടാം പ്രതി എന്‍. നിഷാദ് (23), ഒമ്പതാം പ്രതി ടിറ്റു ജെറോം (25),? പതിനൊന്നാം പ്രതി ഫസില്‍ ഷെരീഫ് (അപ്പൂസ്, 26), പന്തണ്ടാം പന്തണ്ടാം പ്രതി ഷാനു ഷാജഹാന്‍ (25) എന്നിവര്‍ക്കാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.

കേസില്‍ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ പത്തു പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ദുരഭിമാനക്കൊലയാണെന്നും വിധിച്ചിരുന്നു.

കേരളത്തില്‍ ദുരഭിമാനക്കൊലപാതകമായി കോടതി കണ്ടെത്തിയ ആദ്യ കേസായിരുന്നു കെവിന്‍ വധം. നീനുവിന്റെ നിര്‍ണായക മൊഴിയെത്തുടര്‍ന്നാണ് കേസ് ദുരഭിമാനകൊലയായി കോടതി നിരീക്ഷിച്ചത്. കൊല്ലം സ്വദേശി നീനുവിനെ കെവിന്‍ ജോസഫ് പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Other News