തൃശൂരില്‍ പമ്പ് ഉടമയെ കൊലപ്പെടുത്തിയത് യുവാക്കള്‍


OCTOBER 16, 2019, 6:48 PM IST

തൃശ്ശൂര്‍:കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളെല്ലാം യുവാക്കള്‍. കയ്പമംഗലം സ്വദേശികളായ സ്റ്റിയോ(20),അന്‍സാര്‍(21),അനസ്(20) എന്നിവരാണ്  അറസ്റ്റിലായത്. മനോഹരന്റെ കൈയില്‍നിന്ന് പണം തട്ടിയെടുക്കലായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും പണം കിട്ടാതായപ്പോള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡി.ഐ.ജി. എസ്. സുരേന്ദ്രന്‍ പറഞ്ഞു.

മനോഹരന്‍ പെട്രോള്‍ പമ്പില്‍നിന്ന് മടങ്ങുമ്പോള്‍ പമ്പിലെ കളക്ഷന്‍ തുക കൈവശമുണ്ടാകുമെന്ന ധാരണയില്‍ അദ്ദേഹത്തിന്റെ കാറിനെ ബൈക്കില്‍ പിന്തുടരുകയും പിന്നീട് മന: പൂര്‍വ്വം ഇടിപ്പിക്കുകയുമായിരുന്നു. ഇതോടെ പുറത്തിറങ്ങിയ മനോഹരനെ കളിതോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തകയും ടാപ്പ് വായിലൊട്ടിച്ച് പിറകിലെ സീറ്റിലേയ്ക്ക് തള്ളിയിടുകയും ചെയ്തു. 

ഇതിനിടെയാണ് ശ്വാസംമുട്ടി മരണം സംഭവിച്ചത്. തുടര്‍ന്ന് മൃതദേഹം ഗുരുവായൂരിലെ റോഡരികില്‍ ഉപേക്ഷിച്ചു. ശേഷം അങ്ങാടിപ്പുറത്ത് എത്തിയ മൂവര്‍ സംഘം കാര്‍ അവിടെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. 

പെട്രോള്‍ പമ്പ് ഉടമയായ മനോഹരനെ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് കാണാതായത്. തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ഗുരൂവായൂര്‍ മമ്മിയൂരിലെ റോഡരികില്‍നിന്ന് മൃതദേഹം കണ്ടെത്തി. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.