ജി എസ് ടി വിഹിതത്തില്‍ കേന്ദ്രം 332 കോടി വെട്ടിക്കുറച്ചെന്ന് കെ എന്‍ ബാലഗോപാല്‍


DECEMBER 2, 2023, 3:42 PM IST

പാലക്കാട്: കേരളത്തിന് ലഭിക്കേണ്ട ജി എസ് ടി വിഹിതത്തില്‍ നിന്ന് കേന്ദ്രം 332 കോടി രൂപ വെട്ടിക്കുറച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നവംബര്‍ അവസാനത്തോടെ ലഭിക്കേണ്ട തുകയാണ് വെട്ടിക്കുറച്ചതെന്നും ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

നവംബറില്‍ 1450 കോടി രൂപയാണ് കിട്ടേണ്ടിയിരുന്നത്. ഈ തുകയില്‍ നിന്നാണ് വെട്ടിക്കുറവ് വരുത്തിയത്. കേരളത്തിന്റേത് മാത്രമല്ല എല്ലാ സംസ്ഥാനങ്ങളുടേയും തുക വെട്ടിക്കുറച്ചിട്ടുണ്ടെങ്കിലും കേരളത്തിനാണ് വലിയ കുറവ് വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങളെ ഒരുപോലെ പരിഗണിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  

വന്‍തുകയുടെ വെട്ടിക്കുറവ് ബോംബിടുന്നതിന് തുല്യമാണെന്നും ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര അയച്ച കത്തില്‍ കാരണങ്ങള്‍ വ്യക്തമാക്കിയിട്ടില്ലെന്നും കെ എന്‍ ബാലഗോപാല്‍ വിശദീകരിച്ചു. തുക വെട്ടിക്കുറക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

പുറത്തു നിര്‍മിച്ചു കേരളത്തില്‍ വില്‍ക്കുന്ന വസ്തുക്കള്‍ക്ക് അവിടെ ശേഖരിക്കുന്ന ജി എസ് ടിയില്‍ നിന്ന് കേരളത്തിന് കിട്ടേണ്ട തുകയാണ് വെട്ടിക്കുറച്ചിരിക്കുന്നത്. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ച 6000 കോടി രൂപ ഉള്‍പ്പെടെ കേന്ദ്രത്തില്‍ നിന്ന് 57,000 കോടി രൂപ കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Other News