കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ നൂറു കോടി പിഴയിട്ട ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കൊച്ചി മേയര്‍ അനില്‍ കുമാര്‍. നഗരസഭയുടെ ഭാഗം കേള്‍ക്കാതെയായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്. കോര്‍പ്പറേഷന് സംഭവിച്ച നഷ്ടം കണക്കാക്കാതെയാണ് 100 കോടി പിഴയിട്ടതെന്നും മേയര്‍ പറഞ്ഞു.
ഒരു മാസത്തിനുള്ളില്‍ പിഴയടക്കണമെന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ വിധി. ചീഫ് സെക്രട്ടറിക്കാണ് തുക നല്‍കേണ്ടത്. തീപിടിത്തവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക വിനിയോഗിക്കണമെന്നാണ് നിര്‍ദേശം. എന്‍ജിടി ആക്ട് 15 പ്രകാരമാണ് നടപടി. മാലിന്യനിര്‍മ്മാര്‍ജ്ജന ചട്ടങ്ങളും സുപ്രീംകോടതി ഉത്തരവുകളും നിരന്തരം ലംഘിക്കപ്പെട്ടു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്തണം. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം. ശമ്പളം പിടിക്കാന്‍ ചീഫ് സെക്രട്ടറിക്ക് കഴിയണമെന്നും ഉത്തരവില്‍ പറയുന്നു.
തീപിടിത്തത്തില്‍ നടപടി സ്വീകരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു. സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം എന്തുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്നും ചോദ്യമുണ്ട്. കൊച്ചിക്ക് പുറമെ തിരുവനന്തപുരമടക്കമുള്ള സ്ഥലങ്ങളിലെ മാലിന്യ സംസ്‌കാരണത്തെ കുറിച്ചും ഉത്തരവില്‍ പരാമര്‍ശമുണ്ട്.