ഒരു എസ് പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍


MAY 25, 2023, 4:50 PM IST

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്കിടയിലും ലഹരിമരുന്നിന് അടിമകളായവര്‍ ഉണ്ടെന്ന വെളിപ്പെടുത്തലുമായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. ''ഒരു എസ് പിയുടെ രണ്ടു മക്കളും ലഹരിക്ക് അടിമകളാണ്. സത്യം പറഞ്ഞാല്‍ സഹിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിലും പ്രശ്‌നമായി. നമ്മുടെ കുട്ടികള്‍ ഉള്‍പ്പെടെ ലഹരിമരുന്നിന് അടിമകളായിക്കൊണ്ടിരിക്കുന്നു. നമ്മള്‍ കണ്ണു തുറന്നു പരിശോധിക്കേണ്ടതുണ്ട്''- അങ്കമാലി കറുകുറ്റിയില്‍ കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള യാത്രയയപ്പ് സമ്മേളനത്തില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കവെ കമ്മീഷണര്‍ പറഞ്ഞു.

'സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമായിട്ടുണ്ട്. നമ്മള്‍ പൊലീസ് കമ്മ്യൂണിറ്റിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ അതിനകത്തുള്ളവരുടെ മക്കളും ലഹരി ഉപയോഗിക്കുന്നുണ്ട്. ഉദ്യോഗസ്ഥര്‍ സ്വയം ഇക്കാര്യം പരിശോധിക്കണം. ക്വാര്‍ട്ടേഴ്സുകളില്‍ ഈ കാര്യം പരിശോധിക്കണം'- കെ സേതുരാമന്‍ പറഞ്ഞു.

കേരളത്തില്‍ കഞ്ചാവ് എംഡിഎംഎ ഉപയോഗം വര്‍ധിക്കുകയാണ്. ദേശീയ ശരാശരി നോക്കുമ്പോള്‍ കേരളത്തില്‍ ലഹരി ഉപയോഗം കുറവാണ്. എന്നാല്‍ ഈ നിരക്ക് വേഗം ഉയരാന്‍ സാധ്യതയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലഹരിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും കെ സേതുരാമന്‍ ആവശ്യപ്പെട്ടു.

Other News