കൊച്ചിയിലെ കറുത്ത ജൂതരുടെ സിനഗോഗ്‌ തകർന്നു;മഴ നാശംവരുത്തിയത് 4 നൂറ്റാണ്ടിന്റെ ചരിത്രസ്‌മാരകത്തിന്  


SEPTEMBER 11, 2019, 1:25 AM IST

കൊച്ചി:പൈതൃക സ്‌മാരകങ്ങളിൽ ഒന്നായ കൊച്ചി മട്ടാഞ്ചേരിയിലെ കറുത്ത ജൂതന്മാരുടെ സിനഗോഗ് തകർന്നുവീണു. 400 വർഷത്തിലേറെ പഴക്കമുള്ള സിനഗോഗ് കനത്ത മഴയെ തുടർന്നാണ് തകർന്നത്. 2014 മുതൽ പുരാവസ്‌തു വകുപ്പിന്റെ സംരക്ഷണത്തിലായിരുന്നു ഈ ജൂതപ്പള്ളി.

 

കറുത്ത ജൂതന്മാർ എന്നറിയപ്പെട്ടിരുന്ന മലബാർ ജൂതന്മാർക്ക് വേണ്ടി 400 വർഷം മുൻപ് മട്ടാഞ്ചേരി മരക്കടവിൽ നിർമിതമായ ജൂതപ്പള്ളിയാണ് തകർന്നു വീണത്. കാലപ്പഴക്കം മൂലമാണ് ചരിത്രസ്‌മാരകം   തകർച്ചയിലെത്തിയത്. കൊച്ചിയുടെ ചരിത്രവുമായി ഏറെ ബന്ധമുണ്ടായിരുന്നതാണ് ഈ സിനഗോഗ്.

 

കൊച്ചിയിൽ രണ്ടുതരം ജൂതന്മാരാണുണ്ടായിരുന്നത്. പരദേശി ജൂതർ എന്നറിയപ്പെട്ടിരുന്ന വെളുത്ത ജൂതരും കറുത്ത ജൂതരും. കറുത്ത ജൂതന്മാർക്ക് പരദേശി ജൂതരുടെ പള്ളിയിൽ പ്രവേശനം നിഷേധിച്ചതോടെയാണ് മരക്കടവിലെ സിനഗോഗ് നിർമിച്ചത്. കൊച്ചിയിലെ ജൂതന്മാർ ഇസ്രായേലിലേക്ക് മടങ്ങിയതോടെ കറുത്ത ജൂതരുടെ പള്ളി അനാഥമായി. 

പള്ളിയും പരിസരവും സ്വകാര്യ വ്യക്തികൾ കൈയടക്കിയതോടെ ജീർണതയുടെ വക്കിലെത്തുകയും ചെയ്തു. പള്ളി തകർക്കാനുള്ള ചില ശ്രമങ്ങളും തുടങ്ങി. കറുത്ത ജൂതർക്ക് വേണ്ടി പലരും രംഗത്തെത്തിയതോടെ പള്ളി 2014ൽ പുരാവസ്തു വകുപ്പ് ഏറ്റെടുക്കുകയായിരുന്നു. കേരളത്തിലെ കറുത്ത ജൂത വംശജരുടെ അടയാളമാണ് സിനഗോഗിന്റെ തകർച്ചയിൽ ഇല്ലാതായത്.

Other News