കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു


OCTOBER 1, 2022, 5:33 PM IST

ചെന്നൈ: സി പി എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു. 70 വയസ്സായിരുന്നു. 

അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി എട്ടരയോടെയാണ് അന്തരിച്ചത്. മൃതദേഹം ചെന്നൈയില്‍ നിന്ന് നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്.

രോഗബാധയെ തുടര്‍ന്ന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആഗസ്റ്റ് 28ന് കോടിയേരി ചുമതല ഒഴിഞ്ഞിരുന്നു. 2022 മാര്‍ച്ച് നാലിനാണ് സംസ്ഥാന സെക്രട്ടറിയായി കോടിയേരിയെ മൂന്നാമതും തെരഞ്ഞെടുക്കപ്പെട്ടത്. കേരള ആഭ്യന്തര മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ചിട്ടയായ സംഘടനാപ്രവര്‍ത്തനം, പാര്‍ട്ടിയും ജനങ്ങളും അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുന്നതിലെ ശുഷ്‌കാന്തി, അചഞ്ചലമായ പാര്‍ട്ടിക്കൂറ്, കൂട്ടായ പ്രവര്‍ത്തനത്തിനുള്ള നേതൃപാടവം തുടങ്ങിയവ ഒത്തിണങ്ങിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. . 2015ല്‍ ആലപ്പുഴ സമ്മേളനത്തില്‍ പിണറായി വിജയന്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് കോടിയേരി ആദ്യം നേതൃപദവി ഏറ്റെടുത്തത്. തുടര്‍ന്ന് 2018ല്‍ തൃശൂരില്‍ ചേര്‍ന്ന സമ്മേളനത്തിലും കോടിയേരി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അസുഖത്തെ തുടര്‍ന്ന് 2020 ല്‍ ഒരു വര്‍ഷത്തോളം സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിഞ്ഞുനിന്നു. പിന്നീട് ചുമതലകളിലേക്ക് തിരിച്ചെത്തിയതായിരുന്നു. രോഗനില വഷളായതോടെ ആഗസ്റ്റില്‍ ചുമതല ഒഴിഞ്ഞു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. തലശ്ശേരി കോടിയേരിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 

1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സി പി  എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980- 82ല്‍ ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.1990- 95ല്‍ സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പി ബി അംഗമായി. 

അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ കോടിയേരി ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയില്‍വേ സമരത്തില്‍ പൊലീസിന്റെ ഭീകരമര്‍ദനമേറ്റു. 1982ല്‍ തലശ്ശേരിയില്‍ നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലേശ്ശരിയെ പ്രതിനിധാനം ചെയ്തു. 2006-11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു.

തലശ്ശേരി എം എല്‍ എയും സി പി എം നേതാവുമായിരുന്ന എം വി രാജഗോപാലിന്റെ മകള്‍ എസ് ആര്‍ വിനോദിനിയാണ് ഭാര്യ. മക്കള്‍: ബിനോയ്, അഡ്വ. ബിനീഷ്. മരുമക്കള്‍: ഡോ. അഖില, റിനിറ്റ.

Other News