പാലായില്‍ മാത്രമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിൽ ദുരുദ്ദേശ്യം:കോടിയേരി


AUGUST 26, 2019, 2:17 AM IST

തിരുവനന്തപുരം: പാലായില്‍ മാത്രമായി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നടപടി ദുരുദ്ദേശ്യപരമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ ആറ് അസംബ്ലി മണ്ഡലങ്ങളില്‍ സീറ്റ് ഒഴിഞ്ഞ് കിടക്കുകയാണ്. ആദ്യം ഒഴിവുവന്നത് മഞ്ചേശ്വരം മണ്ഡലത്തിലാണ്. 

ആറിടങ്ങളിലും ഒന്നിച്ച്‌ നടത്തുന്നതിന് പകരം ഒരു മണ്ഡലത്തില്‍ മാത്രം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സദുദ്ദേശ്യപരമല്ല. ഇതിന്‍റെ പിന്നില്‍ ചില ദുഷ്ട നീക്കങ്ങളുണ്ടെന്നും കോടിയേരി പറഞ്ഞു.

സാധാരണഗതിയില്‍ ഒരു സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ എല്ലാ മണ്ഡലങ്ങളിലും ഒന്നിച്ച്‌ നടത്തുകയാണ് മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്വീകരിച്ചിരുന്ന നടപടിക്രമം. അതില്‍നിന്ന് വ്യത്യസ്തമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ തോന്നുംപടി പ്രവര്‍ത്തിക്കുന്ന സ്ഥിതി വന്നിരിക്കുകയാണ്.

പാലായില്‍ ആര് മത്സരിക്കണമെന്നത് സംബന്ധിച്ച്‌ 28ന് ചേരുന്ന എല്‍ ഡി എഫ് യോഗത്തില്‍ തീരുമാനമെടുക്കും. ഉപതെരഞ്ഞെടുപ്പിന് എല്‍ ഡി എഫ് സജ്ജമാണ്. മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. 

ശബരിമല പ്രശ്നം ഉണ്ടായിരുന്ന കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷമെല്ലാം മാറിക്കഴിഞ്ഞു. അന്ന് തെറ്റിദ്ധരിക്കപ്പെട്ട വിശ്വാസികള്‍ തന്നെ ഇടതുപക്ഷത്തോടൊപ്പം തിരിച്ചുവരാന്‍ തുടങ്ങിയെന്നും കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

Other News