കോടിയേരിക്ക് വിട നല്‍കാനൊരുങ്ങി കേരളം; മൃതദേഹം ചെന്നൈയില്‍ നിന്ന് കണ്ണൂരിലെത്തിക്കും; നാളെ സംസ്‌കാരം


OCTOBER 2, 2022, 5:22 AM IST

കണ്ണൂര്‍: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് അന്തിമോപചാരമര്‍പ്പിക്കാന്‍ ഒരുങ്ങി കേരളം. മൃതദേഹം ചെന്നൈയില്‍ നിന്ന് ഇന്ന് രാവിലെ 10.30ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂരിലേക്ക് കൊണ്ടുവരും. ഭാര്യ വിനോദിനിയും മകന്‍ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും. 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന മൃതദേഹം വിലാപയാത്രയായി തലശ്ശേരിയിലെത്തിക്കും. നൂറുകണക്കിന് പ്രവര്‍ത്തകരുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാകും വിലാപയാത്ര. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. ഇന്ന് രാത്രി വരെയാണ് പൊതുദര്‍ശനം.

നാളെ രാവിലെ തലശ്ശേരിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് 11 മണി മുതല്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസിലും അന്തിമോപചാരം അര്‍പ്പിക്കാന്‍ അവസരമൊരുക്കും. വൈകിട്ട് മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കണ്ണൂരിലെത്തും. പാര്‍ട്ടിയുടെ മറ്റ് ദേശിയ-സംസ്ഥാന തല നേതാക്കളും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ജില്ലയിലെത്തും.

ഒക്ടോബര്‍ 3ന് അദ്ദേഹത്തോടുള്ള ആദരസൂചകമായി ചിലയിടങ്ങളില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍. കോടിയേരിയുടെ വിയോഗത്തിന് പിന്നാലെ എകെജി സെന്ററിലെ പാര്‍ട്ടി പതാക താഴ്ത്തികെട്ടിയിരുന്നു.

അസുഖബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെയാണ് അന്തരിച്ചത്. ചിരിക്കുന്ന വിപ്ലവകാരിഎന്ന് വിമര്‍ശകര്‍ പോലും പറഞ്ഞിരുന്ന, സമന്വയത്തിന്റെ  വിപ്ലവ നക്ഷത്രമാണ്  കേരളീയര്‍ക്ക് നഷ്ടമായത്. വിഎസ് മന്ത്രിസഭയിലെ രണ്ടാമനായും ആഭ്യന്തരം വിജിലന്‍സ് ടൂറിസം ഉള്‍പ്പെടെ  എല്ലാ വകുപ്പുകളും കൈകാര്യം ചെയ്തപ്പോഴും കുറ്റമറ്റ രീതിയില്‍  തിളങ്ങിയ വ്യക്തിത്വമായിരുന്നു കോടിയേരി ബാലകൃഷ്ണന്റേത്.

സിപിഎമ്മിന്റെ  ഏറ്റവും സങ്കീര്‍ണമായ സമയമായിരുന്ന കാലത്ത് പോലും വിവാദ വിഷയങ്ങളെ ലളിതമായ ശൈലിയില്‍ മറികടന്ന  അതിശക്തനായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.  

പാര്‍ട്ടിയും മന്ത്രി സഭകളും നേരിടേണ്ടിവന്ന വിഷമ ഘട്ടങ്ങളെ തന്മയത്വമായി സമന്വയത്തിന്റെ പാതയിലൂടെ മറികടന്ന് എതിര്‍പക്ഷത്തിനു പോലും അംഗീകരിക്കാന്‍ ആവുന്ന ഫോര്‍മുലകള്‍ കണ്ടെത്തിയ ആളാണ് കോടിയേരിയിലെ രാഷ്ട്രീയക്കാരന്‍ . കോടിയേരിയുടെ  കയ്യൊപ്പ് പതിഞ്ഞ ഒരുപാട് സംഭവങ്ങള്‍ കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ട് .  

സൗഹൃദപരമായ പെരുമാറ്റത്തിലൂടെ ഏവരോടും സംസാരിക്കാനുള്ള മനസ്സും വിഷയങ്ങള്‍ പരിഹരിക്കപ്പെടണമെന്ന അദ്ദേഹത്തിന്റെ  ആഗ്രഹവും പലകുറി കേരളീയ സമൂഹത്തില്‍ തെളിയിക്കപ്പെട്ടതാണ്. സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് മാത്രമല്ല കേരളത്തിലെ പൊതുസമൂഹത്തിന്  വലിയ മുതല്‍ക്കൂട്ട് തന്നെയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ എന്ന നേതാവ്.  

അടിയന്തരാവസ്ഥക്കാലത്ത്  ജയിലില്‍ പിണറായിയോടൊപ്പം കഴിഞ്ഞ   കോടിയേരി പിണറായിക്കൊപ്പം നിന്നുകൊണ്ട് പാര്‍ട്ടിയില്‍ പടുത്തുയര്‍ത്തിയ ഏറെ വ്യത്യസ്തവും നാളിതുവരെ  പരീക്ഷിക്കാത്തതുമായ ഒരു പുതിയ തരം ശൈലിയാണ് ഇക്കാലഘട്ടത്തില്‍ സിപിഎം പിന്തുടര്‍ന്നത്.  സിപിഎമ്മിന്റെ ആധുനികകാല വളര്‍ച്ചയില്‍  പോലും സമീപനത്തിന്റെ ഈ  അലയൊലികള്‍ ഭംഗിയായി സ്വാധീനം ചെലുത്തിയതായി കാണാം.

തലശ്ശേരിയില്‍ പാര്‍ട്ടി ജാതി മത വര്‍ഗ്ഗ ഭേദമന്യേ നടത്തിയ വന്‍തോതിലുള്ള ഇടപെടലുകളും പ്രവര്‍ത്തനങ്ങളുമാണ് കോടിയേരി എന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ മുസ്ലിം സ്വാധീനമുള്ള മണ്ഡലത്തില്‍  തുടര്‍ച്ചയായി അഞ്ചു തവണ വിജയിക്കാന്‍ സഹായിച്ചത്.

അപാരമായ മനസ്സാന്നിധ്യവും വിഷമഘട്ടങ്ങളെ ചിരിച്ചുകൊണ്ട് അതിജീവിക്കാനുള്ള മനസ്സും കരസ്ഥമാക്കിയിരുന്ന ഈ കമ്മ്യൂണിസ്റ്റിന്റെ വേര്‍പാട് പ്രസ്ഥാനത്തിന് മാത്രമല്ല സമൂഹത്തിനും വിലമതിക്കാനാകാത്ത നഷ്ടമാണ്.

Other News