അഞ്ച് കോടിയുടെ കടബാധ്യതയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകലിന് പ്രേരിപ്പിച്ചതെന്ന് പ്രതി പദ്മകുമാർ


DECEMBER 2, 2023, 6:40 PM IST

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ എല്ലാ പ്രതികളും അറസ്റ്റിലായെന്ന് എഡിജിപി എം ആർ അജിത് കുമാർ‌. കൃത്യമായ ആസുത്രണത്തോടെ നടപ്പിലാക്കിയ കുറ്റകൃത്യമാണ്. ഒരു വർഷം മുൻപ് തന്നെ ആസുത്രണം തുടങ്ങി. മൂന്നാമത്തെ ശ്രമത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്.

അറസ്റ്റിലായ മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു. 15 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.

പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി. ഭാര്യ അനിത കുമാരിയേയും മകൾ അനുപമയേയും അട്ടക്കുളങ്ങര സബ് ജയിലിലേക്ക് കൊണ്ടുപോയി. ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം തിങ്കളാഴ്ച അപേക്ഷ നൽകും. കസ്റ്റഡിയിൽ ലഭിച്ച ശേഷമാകും ഇവരെ എത്തിച്ച് തെളിവെടുപ്പ് ഉൾപ്പടെ നടത്തുക.

ഫോൺ ഉപയോഗിക്കാതെ സമർത്ഥമായാണ്  പ്രതികൾ നീക്കം നടത്തിയത്. തട്ടിയെടുത്ത ശേഷം കുട്ടിക്ക് ഗുളിക നൽകി. പത്മകുമാറും കുടുംബവും കാറിൽ കറങ്ങി തട്ടിക്കൊണ്ടുപോകാനായി കുട്ടികളെ നിരീക്ഷിക്കും. സാധാരണ പൗരൻമാർ നൽകിയ വിവരവും കേസിൽ നിർണായകമായെന്നും പൊലീസ്.

5 കോടിയുടെ ബാധ്യതയുണ്ടെന്നാണ് പദ്മകുമാർ പറയുന്നത്. പലരോടും പണം ചോദിച്ചെങ്കിലും ലഭിക്കാതിരുന്നതോടെയാണ് തട്ടിക്കൊണ്ടുപോകൽ ആസുത്രണം ചെയ്തത്. അനിതാകുമാരിയുടെതാണ് തട്ടികൊണ്ടുപോകൽ ബുദ്ധിയെന്നും എ ഡിജിപി പറഞ്ഞു.

അതേസമയം, കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ പത്മകുമാർ ,ഭാര്യ അനിതകുമാരി, മകൾ അനുപമ എന്നിവരെ അടൂരിൽ നിന്ന് പൂയപ്പള്ളിയിലേക്കാണ് എത്തിച്ചത് . പത്മകുമാറിന് തട്ടികൊണ്ടുപോയ ആറു വയസുകാരിയുടെ അച്ഛൻ റെജിയുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറയുന്നു. വ്യാജ നമ്പർ പ്ലേറ്റ് മാസങ്ങൾക്ക് മുൻപ് തന്നെ നിർമ്മിച്ചതായും പൊലീസ് കണ്ടെത്തി.

Other News