കൊല്ലത്ത് പതിനേഴുകാരിക്ക് പീഡനം: മൂന്നു പേര്‍ കൂടി അറസ്റ്റില്‍


DECEMBER 8, 2019, 3:09 PM IST

കൊല്ലം: പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പെണ്‍ വാണിഭത്തിന് ഉപയോഗിച്ച സംഭവത്തില്‍ കൊല്ലത്ത് മൂന്നു പേര്‍ കൂടി അറസ്റ്റില്‍. കുട്ടിയുടെ കുഞ്ഞമ്മയും കൊട്ടിയത്തെ ഹോം സ്റ്റേ നടത്തിപ്പുകാരായ ദമ്പതികളുമാണ് അറസ്റ്റിലായത്. കുളിമുറി രംഗങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അമ്മാവന്റെ ഭാര്യ ഉള്‍പ്പടെ നാല് പേര്‍ കഴിഞ്ഞ ഗിവസം പിടിയിലായിരുന്നു.

ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. പെണ്‍കുട്ടിയുടെ അമ്മാവന്റെ ഭാര്യയെയും കരുനാഗപ്പള്ളി സില്‍വര്‍ പ്ലാസ എന്ന ലോഡ്ജ് നടത്തിപ്പുകാരായ മൂന്ന് പേരെയുമാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് കുട്ടിയുടെ കുഞ്ഞമ്മയേയും കൊട്ടിയത്തെ ഹോം സ്റ്റേ നടത്തിപ്പുകാരായ ദമ്പതികളെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. പെണ്‍കുട്ടിയെ വിവിധ ഇടങ്ങളില്‍ വെച്ച് പീഡിപ്പിച്ച ഇടപാടുകാരായ എട്ടോളം പേര്‍ക്കെതിരെ അന്വേഷണം തുടരുകയാണ്.

കൊല്ലം നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്കെന്ന് പറഞ്ഞ് കുരീപ്പുഴ സ്വദേശിയായ17 കാരി പതിവായി വീട്ടില്‍ നിന്നിറങ്ങിയിരുന്നു. കഴിഞ്ഞ മാസം ഒന്‍പതിന് ജോലിക്കായി പോയ പെണ്‍കുട്ടി രാത്രി വൈകിയും മടങ്ങിയെത്താതയതോടെയാണ് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. തിരുവനന്തപുരത്ത് നിന്ന് പിടികൂടിയെന്ന് പറഞ്ഞ് പിറ്റേന്ന് രാവിലെ അമ്മാവന്റെ ഭാര്യ പെണ്‍കുട്ടിയുമായി വീട്ടിലെത്തി.

പിന്നീട് പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ വീട്ടുകാര്‍ പെണ്‍കുട്ടിയെ ഒരു മതസ്ഥാപനത്തിലാക്കി. അവിടെ വെച്ച് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിഷയം കോടതിയെ അറിയിച്ചു. കോടതിയുടെ നിര്‍ദേശ പ്രകാരം സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

കുളിമുറി രംഗങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപെടുത്തിയാണ് അമ്മാവന്റ ഭാര്യ തന്നെ പലര്‍ക്കും കാഴ്ച വെച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. കരുനാഗപ്പള്ളി സില്‍വര്‍ പ്ലാസ എന്ന ലോഡ്ജായിരുന്നു ഇവരുടെ താവളം. തിരുവനന്തപുരത്തെ പല ഹോംസ്റ്റേകളിലും വച്ചും പീഡനം നടന്നതായി പൊലീസ് പറഞ്ഞു.കുട്ടിയെ ഉപയോഗിച്ച് ഇവര്‍ ലക്ഷങ്ങള്‍ തട്ടിച്ചതായും പൊലീസ് പറഞ്ഞു.

Other News