കൊല്ലം: രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ കാമുകിയെ വിവാഹം ചെയ്യാന്‍ നിശ്ചയിച്ച യുവാവ് വിവാഹദിവസം ഫോണ്‍ ഓഫാക്കി മുങ്ങി. മനോവിഷമം സഹിക്കാന്‍ കഴിയാതെ യുവതി ജീവനൊടുക്കിയതോടെ ഒളിവിലായിരുന്ന യുവാവിനെ പോലീസ് കണ്ടെത്തി അറസ്റ്റുചെയ്തു.
കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളുരുവില്‍ നിന്ന് കൊല്ലം കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 25-നായിരുന്നു വിവാഹം മുടങ്ങിയ ദുഖത്തില്‍ കടയ്ക്കല്‍ സ്വദേശിയായ യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്.
അഖിലും മരിച്ച യുവതിയും തമ്മില്‍ രണ്ടു വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു. ജാതിയുടെ പ്രശ്‌നം പറഞ്ഞ് ഈ ബന്ധത്തെ അഖിലിന്റെ വീട്ടുകാര്‍ എതിര്‍ത്തതോടെ ഫെബ്രുവരി പതിനഞ്ചിന് രാത്രി യുവതിയെ വീട്ടില്‍ നിന്നും അഖില്‍ വിളിച്ചിറക്കി കൊണ്ടു പോയി. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരെയും കണ്ടെത്തുകയായിരുന്നു. ഇവരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ തങ്ങള്‍ പ്രണയത്തിലാണെന്നും വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ട് പോയതെന്നും അഖില്‍ മൊഴി നല്‍കി.
ഇതിനു ശേഷം ഫെബ്രുവരി 24 ന് വീട്ടുകാര്‍ തന്നെ ഇരുവരുടെയും വിവാഹം നിശ്ചയിക്കുകയായിരുന്നു. കല്ല്യാണ ദിവസം പെണ്‍കുട്ടിയും വീട്ടുകാരും എത്തിയെങ്കിലും അഖില്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി. ഈ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കിയെന്നാണ് പരാതി. ആത്മഹത്യ പ്രേരണാ കുറ്റം, പട്ടിക ജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം, ബലാത്സംഗം, വഞ്ചനാ കുറ്റം എന്നീ വകുപ്പുകളാണ് അഖിലിനെതിരെ ഇപ്പോള്‍ ചുമത്തിയിരിക്കുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.