കൂടത്തായി കേസ് :  റോയിയുടെ സുഹൃത്ത് ബിച്ചുണ്ണിയുടെ മരണവും അന്വേഷിക്കുന്നു


OCTOBER 8, 2019, 3:01 PM IST

കോഴിക്കോട്: കൂടത്തായിയിലെ ഞെട്ടിക്കുന്ന കൊലപാതക പരമ്പരയ്ക്കു പിന്നാലെ നടന്ന കൂടുതല്‍ മരണങ്ങളും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു. ജോളിയുടെ അയല്‍വാസിയായ ബിച്ചുണ്ണിയുടെ മരണത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ സുഹൃത്തായിരുന്ന ബിച്ചുണ്ണി മിക്കപ്പോഴും അവരുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു.

റോയിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞ ആളായിരുന്നു ബിച്ചുണ്ണി. രാത്രി ഭക്ഷണം കഴിച്ച ശേഷമാണ് ബിച്ചുണ്ണി മരിച്ചതെന്ന് സഹോദരീ ഭര്‍ത്താവ് പറഞ്ഞു. പ്ലംബര്‍ തൊഴിലാളിയായിരുന്നു ബിച്ചുണ്ണി. ബിച്ചുണ്ണിയുടെ മരണവും അന്വേഷണ പരിധിയിലുള്ളതാണെന്ന് കോഴിക്കോട് റൂറല്‍ എസ് പി വ്യക്തമാക്കി.

അതേസമയം കൂടത്തായി കൊലപാതക പരമ്പരയില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. ഷാജുവിന്റെ പിതാവ് സക്കറിയ ഉള്‍പ്പെടെ ചോദ്യം ചെയ്യാനുള്ളവരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കി. ജോളിയുടെയും ഷാജുവിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സക്കറിയയെ ചോദ്യം ചെയ്യുക. എന്‍ഐടിയിലെ ജോളിയുടെ സുഹൃത്തുക്കള്‍, കൂടത്തായിയില്‍ ജോളിയെ സഹായിച്ചവരുള്‍പ്പെടെ ചോദ്യം ചെയ്യുന്നവരുടെ പട്ടികയില്‍ നിരവധി പേരുണ്ട്.

Other News