കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ സി പി എമ്മില്‍


SEPTEMBER 15, 2021, 7:14 PM IST

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും രാജി. കെ പി സി സി ജനറല്‍ സെക്രട്ടറി ജി രതികുമാറാണ് രാജിവെച്ച് സി പി എമ്മില്‍ ചേര്‍ന്നത്. 

സി പി എം കൊല്ലം ജില്ലാ സെക്രട്ടറി സുദേവനൊപ്പം എ കെ ജി സെന്ററിലെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഷാള്‍ അണിയിച്ച് സ്വീകരിച്ചു. 

കോണ്‍ഗ്രസ് വിട്ടെത്തിയ രതികുമാറിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്തിയാണ് രതികുമാറിന്റെ രാജിക്ക് കാരണം. രാജിക്കാര്യം വ്യക്തമാക്കി അദ്ദേഹം കെ പി സി സി അധ്യക്ഷന് അയച്ച കത്ത് പുറത്തായി.

നാല്‍പ്പതുവര്‍ഷമായി കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുന്നയാളാണെന്നും സംഘടനാപരമായ പല വിഷയങ്ങളും സുധാകരനെ നേരിട്ടറിയിക്കാന്‍ പലതവണ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും രാജിക്കത്തില്‍ രതികുമാര്‍ വ്യക്തമാക്കുന്നു.

കെ കരുണാകരന്റെ കാലം മുതല്‍ തന്നെ കെ പി സി സി ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തനം ആരംഭിച്ചയാളാണ് രതികുമാര്‍. ഐ ഗ്രൂപ്പിനോടും കരുണാകരനോടും ഒപ്പംനിന്നിരുന്ന പ്രവര്‍ത്തനമായിരുന്നു ഇദ്ദേഹത്തിന്റേത്.

എന്നാല്‍ പുതിയ നേതൃത്വം വന്നതിനു ശേഷം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താനോ സംസാരിക്കാനോ ഉള്ള അവസരം ലഭിക്കുന്നില്ലെന്നുള്ള പരാതി രതികുമാര്‍ ഉന്നയിച്ചിരുന്നു. നേരത്തെ കെ പി അനില്‍കുമാര്‍, പി കെ പ്രശാന്ത് എന്നിവരും കോണ്‍ഗ്രസ് വിട്ട് സി പി എമ്മില്‍ ചേര്‍ന്നിരുന്നു.

Other News