ആയിരം വീടുകള്‍ എന്ന പ്രളയകാലം വാഗ്ദാനം നടപ്പാക്കാനാവില്ലെന്ന് കെപിസിസി; പിന്മാറ്റം പ്രഖ്യാപിച്ച് മുല്ലപ്പള്ളി


JULY 4, 2019, 11:35 AM IST

പ്രളയത്തില്‍ വീടുനഷ്ടപ്പെട്ടവര്‍ക്ക് ആയിരം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന പ്രഖ്യാപനത്തില്‍ നിന്നു കോണ്‍ഗ്രസ് പിന്മാറുന്നു. ആയിരം വീടുകളുടെ നിര്‍മ്മാണം അപ്രായോഗികമാണെന്നും അഞ്ഞൂറു വീടുകളെങ്കിലും നിര്‍മ്മിക്കാന്‍ കഴിഞ്ഞാല്‍ നല്ലതായിരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.


മുന്‍ അധ്യക്ഷന്‍ എംഎം ഹസനാണ് പ്രളയത്തില്‍ വീട്ുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കെപിസിസി സൗജന്യമായി ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ എത്ര വീടുകളുടെ പണി തുടങ്ങിയെന്നോ, എത്ര എണ്ണം പൂര്‍ത്തിയാക്കിയെന്നോ കൈമാറിയെന്നോ എന്നൊന്നുമുള്ള ഒരു കണക്കും കെപിസിസിയുടെകൈവശമില്ല.കെപിസിസി പ്രഖ്യാപിച്ച ആയിരം വീടുകളെവിടെയെന്ന ഭരണപക്ഷ നേതാക്കളുടേയും മാധ്യമങ്ങളുടേയും നിരന്തര ചോദ്യങ്ങളെ തുടര്‍ന്നാണ് മുല്ലപ്പള്ളി മുന്‍ അധ്യക്ഷന്റെ പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചത്.

എം.എല്‍.എമാര്‍ മുന്‍കൈയെടുത്തു പണിത കുറച്ചുവീടുകള്‍ക്കു പുറമെ, എ.ഐ.സി.സി നല്‍കിയ രണ്ടുകോടി രൂപ വിനിയോഗിച്ചുള്ള നിര്‍മാണവും കഴിഞ്ഞാല്‍ പദ്ധതി അവസാനിപ്പിക്കും. പ്രളയബാധിതരോടുള്ള മുന്‍ അധ്യക്ഷന്റെ ആത്മാര്‍ഥതയാണ് പ്രഖ്യാപനത്തിനു പിന്നിലെന്നു പറഞ്ഞാണ് മുല്ലപ്പള്ള കൈകഴുകിയത്.പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടമായവരില്‍ നിന്ന്  ആയിരം പേരെ തെരഞ്ഞെടുത്ത് അഞ്ചുലക്ഷം രൂപ ചെലവുവരുന്ന പുതിയ വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നായിരുന്നു എം.എം.ഹസന്റെ പ്രഖ്യാപനം.

സംസ്ഥാനസര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പരാജയമാണെന്ന് ആരോപിച്ചായിരുന്നു ഹസന്‍ കോണ്‍ദഗ്രസിന്റെ ഭവന ദാന പദ്ധതി പ്രഖ്യാപിച്ചത്. ആദ്യത്തെ ആവേശം കെട്ടടങ്ങിയതോടെ വീടുപണികള്‍ പാതിവഴിയിലായി. വീടുനിര്‍മ്മാണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ നാണക്കേട് ഉണ്ടാക്കിയ സാഹചര്യത്തിലാണ് നിലവിലെ അധ്യക്ഷന്‍ പദ്ധതിയില്‍ നിന്നുള്ള പിന്മാറ്റം പരസ്യമായി പ്രഖ്യാപിച്ചത്.

Other News