കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ പങ്കിട്ടെടുക്കും; യുഡിഎഫില്‍ നിന്ന് നീതിനിഷേധമുണ്ടായെന്ന് ജോസഫ്


JULY 25, 2019, 5:42 PM IST

കോട്ടയം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങള്‍ പങ്കിട്ടെടുക്കാന്‍ ധാരണയായി.

ആദ്യ എട്ട് മാസക്കാലം ജോസ് കെ മാണി വിഭാഗവും തുടര്‍ന്ന്  അവസാന ആറ് മാസം പി.ജെ ജോസഫ് പക്ഷവും പ്രസിഡന്റു പദം പങ്കിടും.  ജോസ് കെ മാണി വിഭാഗത്ത് നിന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പ്രസിഡന്റാകും. പിജെ ജോസഫ് പക്ഷത്തിന്റെ അജിത് മുതിരമലയ്ക്കാണ് അടുത്ത ഊഴം സ്ഥാനം ലഭിക്കുക.

ബുധനാഴ്ച നടന്ന ചര്‍ച്ചയില്‍ രണ്ട് പക്ഷവും സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കില്ലെന്ന തീരുമാനത്തിലായിരുന്നു. അതുകൊണ്ട് തന്നെ ചര്‍ച്ച വ്യാഴാഴ്പുലര്‍ച്ച വരെ നീണ്ടു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി പങ്കിടുന്ന കാര്യത്തില്‍ യുഡിഎഫ് നേതൃത്വം ഉറപ്പ് നല്‍കണമെന്ന് പിജെ ജോസഫ് പക്ഷം ആവശ്യപ്പെട്ടിരുന്നു.

അത്തരത്തിലൊരു ഉറപ്പ് അവര്‍ക്ക് ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമായത്.ഇത് സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പ് നല്‍കിയിട്ടുള്ളതായി അറിയില്ല. ഉമ്മന്‍ ചാണ്ടി, പിജെ ജോസഫ്, ജോസ് കെ മാണി, രമേശ് ചെന്നിത്തല എന്നിവര്‍ തമ്മിലുണ്ടായ ചര്‍ച്ചയിലാണ് അധ്യക്ഷ പദവി സംബന്ധിച്ച് ധാരണയായത്.

അതേ സമയം  യുഡിഎഫ് നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ജെ ജോസഫ് പിന്നീട് രംഗത്തെത്തി. യുഡിഎഫില്‍ നിന്ന് നീതിനിഷേധമുണ്ടായെന്നും, ജോസ് കെ മാണിയുടെ ഭീഷണിക്ക് വഴങ്ങിയാണ് തീരുമാനമെന്നും പി.ജെ ജോസഫ് കുറ്റപ്പെടുത്തി.

കെ.എം മാണി ജീവിച്ചിരിക്കുമ്പോള്‍ തന്നെയുള്ള ധാരണ പ്രകാരം ഇത്തവണ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി തങ്ങള്‍ക്ക്  അവകാശപ്പെട്ടതായിരുന്നു എന്നാണ് പി.ജെ ജോസഫ് പറയുന്നത്. എന്നാല്‍ അര്‍ഹതയില്ലാത്ത സ്ഥാനത്തിന് വേണ്ടി ജോസ് കെ മാണി പിടിമുറുക്കിയപ്പോള്‍ യുഡിഎഫ് നേതൃത്വം അതിന് വഴങ്ങുകയായിരുന്നു. മുന്നണി വിടുമെന്ന ജോസ് കെ മാണിയുടെ ഭീഷണിക്ക് മുന്നില്‍ യുഡിഎഫ് കീഴടങ്ങിയെന്ന് ജോസഫ് ആരോപിച്ചു.

Other News