ലോട്ടറി വില്‍പനക്കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍


JULY 16, 2019, 3:02 PM IST

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ ലോട്ടറി വില്‍പനക്കാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി.മരിച്ച തൃക്കൊടിത്താനം സ്വദേശി പൊന്നമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന കോഴഞ്ചേരി സ്വദേശി സത്യനാണ് അറസ്റ്റിലായത്. ഇരുവരും തമ്മിലുള്ള കലഹത്തെ തുടര്‍ന്ന് ഈ മാസം എട്ടിനായിരുന്നു കൊലപാതകം.പൊന്നമ്മ കല്ലുകൊണ്ട് മര്‍ദ്ദിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് പിന്നിലെന്ന് ചോദ്യം ചെയ്യലില്‍ സത്യന്‍ സമ്മതിച്ചു. ഈ മാസം എട്ടിന് ക്യാന്‍സര്‍ വാര്‍ഡിന് സമീപത്തു വച്ച് പൊന്നമ്മയെ തലയ്ക്കടിച്ചത്. മരണം ഉറപ്പാക്കാന്‍ നിലത്തിട്ട് വീണ്ടും മര്‍ദ്ദിച്ചു.പൊന്നമ്മയുടെ മാലയും പണവും ഇയാള്‍ കൈക്കലാക്കി. കുറ്റം സമ്മതിച്ചതോടെ സത്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ഗാന്ധിനഗര്‍ പൊലീസ് മെഡിക്കല്‍ കോളേജിലും സ്വര്‍ണം പണയം വച്ച തിരുവല്ലയിലെ സ്ഥാപനത്തിലും പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തി.മൂന്ന് ദിവസം മുമ്പാണ് മെഡിക്കല്‍ കോളേജ് കോമ്പൗണ്ടിലെ കാട്ടില്‍ നിന്ന് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കാണാതായ പൊന്നമ്മയാണ് മരിച്ചതെന്ന് വസ്ത്രങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് മകള്‍ ഉറപ്പു വരുത്തി. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും.

Other News