മുന്‍ പിഎ 28.75 ലക്ഷം രൂപ തട്ടിയ കേസില്‍ കുമ്മനം രാജശേഖരനും പ്രതി


OCTOBER 22, 2020, 5:13 PM IST

ആറന്മുള :  സാമ്പത്തിക തട്ടിപ്പു കേസില്‍ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെയും പൊലീസ് പ്രതിചേര്‍ത്തു.ആറന്മുള സ്വദേശിയില്‍ നിന്നും 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയില്‍ ആറന്മുള പൊലീസാണ്കേസെടുത്തത്.

കുമ്മനത്തിന്റെ മുന്‍ പിഎ ആയിരുന്ന പ്രവീണാണ് കേസില്‍ ഒന്നാം പ്രതി. കേസില്‍ അഞ്ചാം പ്രതിയായാണ് കുമ്മനം രാജശേഖരന്റെ പേര് ചേര്‍ത്തത്.പേപ്പര്‍ കോട്ടണ്‍ മിക്സ് നിര്‍മ്മിക്കുന്ന കമ്പനിയുടെ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനായ ഹരികൃഷ്ണനില്‍ നിന്നും പണം വാങ്ങി പറ്റിച്ചുവെന്നാണ് കേസ്.

28.75 ലക്ഷം കമ്പനിയില്‍ നിക്ഷേപിച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തുടര്‍ നടപടിയും ഉണ്ടായില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷങ്ങളില്‍ പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നല്‍കിയതെന്ന് ഹരികൃഷ്ണന്‍ പറയുന്നു.കുമ്മനവും പ്രവീണുമടക്കം ഒന്‍പത് പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്. കുമ്മനം മിസോറാം ഗവര്‍ണറായിരുന്ന സമയത്താണ് പണം നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്.

പണം തിരികെ കിട്ടാന്‍ പലവട്ടം മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ഹരികൃഷ്ണന്‍ പറയുന്നു. മധ്യസ്ഥ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ പലതവണയായി നാലര ലക്ഷം രൂപ കിട്ടിയെന്നും അവശേഷിച്ച പണം കൂടി കിട്ടണമെന്നുമാണ് പരാതിയില്‍ പറയുന്നത്.പത്തനംതിട്ട എസ്പിക്ക് ലഭിച്ച പരാതി തുടര്‍നടപടികള്‍ക്കായി ഡിവൈഎസ്പിക്ക് കൈമാക്കുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് ആറന്മുള പൊലീസ് സാമ്പത്തിക തട്ടിപ്പിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് കുമ്മനമടക്കം ഒന്‍പത് പേരെ പ്രതികളാക്കി കേസെടുത്തത്.

ഐപിസി 406, 420 വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. പാലക്കാട് കൊല്ലങ്കോട്ട് സ്വദേശി വിജയന്‍, സേവ്യര്‍, ബിജെപി ആര്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍.ഹരികുമാര്‍, വിജയന്‍, വിജയന്റെ ഭാര്യ കൃഷ്ണവേണി എന്നിവരെയാണ് കേസില്‍ പ്രതികളായി ചേര്‍ത്തിട്ടുള്ളത്. പ്രവീണിന്റെ വിവാഹവേളയില്‍ കുമ്മനം 10,000 കൈവായ്പ്പയായി വാങ്ങിയതായും പരാതിയില്‍ പറയുന്നു.രാഷ്ട്രീയ കാരണങ്ങളാല്‍ തന്നെ കേസില്‍ കുടിക്കിയതാണെന്ന് കുമ്മനം രാജശേഖരന്‍ പ്രതികരിച്ചു. കേസ് ശക്തമായി നേരിടുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും പറഞ്ഞു.

Other News