ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായ പീഡനക്കേസ്​ അട്ടിമറിക്കാന്‍ ശ്രമം:കന്യാസ്​ത്രീകള്‍


JULY 27, 2019, 9:55 PM IST

കോട്ടയം:ബിഷപ്പ് ഫ്രാ​ങ്കോ മുളയ്​ക്കലിനെതിരായ പീഡനക്കേസ്​ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നതായി കുറവിലങ്ങാ​ട്ടെ കന്യാസ്​ത്രീകള്‍. വിചാരണ നീട്ടിക്കൊണ്ടുപോകാന്‍ മനഃപൂര്‍വം ശ്രമിക്കുകയാണെന്ന്​ സിസ്​റ്റര്‍ അനുപമ പറഞ്ഞു. പ്രതിഭാഗം ഓരോ ദിവസവും പുതിയ രേഖകള്‍ ആവശ്യപ്പെടുകയാണ്​. ഇത്​ ആസൂത്രിതമാണ്​.

തെളിവ്​ നശിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഇവര്‍ ആരോപിച്ചു. തിരുവനന്തപുരം ഫോറന്‍സിക്​ ലാബില്‍നിന്ന്​ കോടതിക്കും അന്വേഷണസംഘത്തിനും കൊടുത്ത ഡി വി ഡികള്‍ തമ്മില്‍ എങ്ങനെ വ്യത്യാസം ഉണ്ടായെന്ന്​ അന്വേഷിക്കണം.

കോടതി യഥാര്‍ഥ ഡി വി ഡിയുടെ പകര്‍പ്പ്​ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ഫോറന്‍സിക്​ ലാബ്​ മനഃപൂര്‍വം വീഴ്​ചവരുത്തിയെങ്കില്‍ പരാതി നല്‍കും. പ്രതിഭാഗം ആവശ്യപ്പെട്ട രേഖകളെല്ലാം നല്‍കിയിട്ടും സാങ്കേതികത്വം പറഞ്ഞ്​ വിചാരണ നടപടികള്‍ നീട്ടുകയാണ്​.

ഇത്​ സാക്ഷികളെ സ്വാധീനിക്കാനുള്ള നീക്കമാണോയെന്ന്​ സംശയിക്കുന്നു. കേസിന്റെ  അന്വേഷണഘട്ടത്തിലുടനീളം അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. ബിഷപ്പിന്റെ അറസ്​റ്റ്​ വൈകിപ്പിച്ചതും കുറ്റപത്രം സമര്‍പ്പിക്കാന്‍ വൈകിയതുമെല്ലാം ഇതിന്റെ ഭാഗമായിരുന്നുവെന്നും കന്യാസ്ത്രീകൾ ആരോപിച്ചു.

Other News