മനുഷ്യക്കടത്തിന് ഇരയായ മലയാളി യുവതി കുവൈറ്റ് ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി


JUNE 28, 2022, 9:21 AM IST

കുവൈറ്റ്: മനുഷ്യക്കടത്തില്‍പ്പെട്ട് ജനുവരിയില്‍ കുവൈറ്റില്‍ എത്തിയ മലയാളി യുവതി സഹായം തേടി ഇന്ത്യന്‍ എംബസിയില്‍. ജനുവരി 15ന് ആയിരുന്നു യുവതി കുവൈറ്റില്‍ ചതിയില്‍പ്പെട്ട് എത്തിയത്. ഇപ്പോള്‍ യുവതി കുവൈറ്റിലെ അഭയ കേന്ദ്രത്തില്‍ ആണ് കഴിയുന്നത്. കുവൈറ്റ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ കണ്ണൂര്‍ സ്വദേശി മജീദാണ് തന്നെ കൊണ്ടുപോയതെന്ന് യുവതി പറയുന്നു.

കുവൈറ്റിലെ സ്വദേശിയുടെ വീട്ടില്‍ എത്തിച്ച തന്നോട് അവിടെയുള്ള രണ്ട് കുട്ടികളെ നോക്കുന്ന ജോലി എന്നാണ് പറഞ്ഞത്. എന്നാല്‍ അവിടെ ആറ് കുട്ടികള്‍ ഉണ്ടായിരുന്നു. കൂടാതെ വീട്ടുജോലികള്‍ ചെയ്യാന്‍ തന്നെ നിര്‍ബന്ധിച്ചു. വീട്ടിലെ ശുചീകരണ ജോലികളും ചെയ്യാന്‍ അവര്‍ നിര്‍ബന്ധിച്ചു

ഇതുേപോലെ മറ്റൊരു സ്ത്രീയെ ഇവിടെ എത്തിച്ചിരുന്നു. അവര്‍ ഇവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. അതുപോലെ താനും രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറയുന്നു.  നാട്ടിലേക്ക് തന്നെ പറഞ്ഞുവിടാന്‍ വീട്ടുകാരോട് അപേക്ഷിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ല. മോചിപ്പിക്കണമെങ്കില്‍ മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും യുവതി പറയുന്നു

പണം കിട്ടാതെ തന്നെ കേരളത്തിലേക്ക് അയക്കില്ലെന്ന് തന്നെ കൊണ്ടുവന്ന മജീദ് എന്ന വ്യക്തി തന്റെ ഭര്‍ത്താവിനെ വിളിച്ചു പറഞ്ഞു. പിന്നീട് പെട്ടെന്ന് പണം വേണമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. യുവതി ഇപ്പോള്‍ ഇന്ത്യന്‍ എംബസി അഭയകേന്ദ്രത്തില്‍ സുരക്ഷിതയാണ്. രേഖകള്‍ ശരിയാക്കി നാട്ടിലേക്ക് പോകന്‍ പെട്ടെന്ന് സാധിക്കും എന്ന പ്രതീക്ഷയിലാണ് ഇവര്‍.

നേരത്തെ മജീദ് ഗള്‍ഫിലേക്ക് കടത്തിയ മറ്റൊരു യുവതിയും രക്ഷപ്പെട്ട് നാട്ടിലെത്തിയിട്ടുണ്ട്. തെക്കന്‍ കേരളത്തിലുള്ള ഇവരെ ബന്ധുക്കള്‍ സ്വീകരിക്കാന്‍ തയ്യാറാകാത്തതിനാല്‍ കണ്ണൂരില്‍ താമസിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. മനുഷ്യക്കടത്ത് കേസിലെ പ്രതി മജീദ് യുവതിക്കെതിരെ നാട്ടില്‍ അപവാദ പ്രചരണം നടത്തിയതോടെയാണ് ഇവരെ സ്വീകരിക്കാന്‍ ബന്ധുക്കള്‍ തയ്യാറാകാത്തതെന്നാണ് ആരോപണം.

Other News