ശ്രീറാമിനെ രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ ഒത്തുകളിക്കുന്നു; കിംസിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍


AUGUST 4, 2019, 3:30 PM IST

തിരുവനന്തപുരം:മാധ്യമ പ്രഫവർത്തകൻ കെ എം ബഷീർ കാറിടിച്ചു മരിച്ച കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ അടിയന്തരമായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് പത്രപ്രവർത്തക യൂണിയൻ (കെ യു ഡബ്ല്യൂ ജെ). സംഭവത്തില്‍ പ്രതിയെ രക്ഷിക്കാന്‍ ആശുപത്രി അധികൃതര്‍ ഒത്തുകളിക്കുന്നുവെന്നും എത്രയും വേഗം കിംസിന്‍ നിന്നും ശ്രീറാമിനെ മാറ്റിയില്ലെങ്കില്‍ പത്രപ്രവര്‍ത്തകര്‍ കിംസിന് മുന്നില്‍ പ്രതിഷേധിക്കുമെന്നും കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം പറഞ്ഞു.

റിമാന്റിലായിട്ടും സര്‍വെ ഡയറക്‌ടർ ശ്രീറാം വെങ്കിട്ടരാമന്‍ കഴിയുന്നത് സ്വകാര്യ ആശുപത്രിയിലെ സുഖസൗകര്യങ്ങളിലാണ്. സര്‍ക്കാര്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാന്‍ പോലിസ് തയ്യാറായിട്ടില്ല. മാത്രമല്ല പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ആശുപത്രിയില്‍ ശ്രീറാമിന് ലഭിക്കുന്നത്. എ സി ഡീലക്‌സ് മുറിയാണ് ശ്രീറാമിന് നല്‍കിയിട്ടുള്ളത്. ഡോക്‌ടർമാരുടെ സംഘം എപ്പോഴും ശ്രീറാമിനെ പരിചരിക്കുന്നു. 

എം ആര്‍ ഐ സ്‌കാന്‍ അടക്കം പരിശോധനകള്‍ ഉണ്ടെന്നും അതിന് വേണ്ടിയാണ് സ്വകാര്യ ആശുപത്രിയില്‍ തന്നെ കഴിയുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് കെ യു ഡബ്ല്യൂ ജെ പ്രതിഷേധവുമായി രംഗത്തെത്തിയത്.