ഉരുള്‍പ്പൊട്ടല്‍; 21 മൃതദേഹങ്ങള്‍ കണ്ടെടുത്തു


OCTOBER 17, 2021, 7:43 PM IST

തിരുവനന്തപുരം: മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 21 ആയി. കോട്ടയം കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ മാത്രം 11 പേരാണ് മരിച്ചത്. കൊക്കയാറില്‍ ഉരുള്‍പൊട്ടിയ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇവിടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. പാലക്കാടും തൃശ്ശൂരും മഴ തുടരുകയാണ്. നദികളിലും ജലനിരപ്പ് ഉയരുകയാണ്. ബുധനാഴ്ച മുതല്‍ വീണ്ടും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ 11 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. കാവാലിയില്‍ ഒരു കുടുംബത്തിലെ ആറ് പേരുടെയും പ്ലാപ്പള്ളിയില്‍ നാല് പേരുടെയും ഒരു ഓട്ടോ ഡ്രൈവറുടെയും മൃതദേഹമാണ് ഇതുവരെ കണ്ടെടുത്തത്. ഒറ്റരാത്രിയില്‍ തിമിര്‍ത്ത് പെയ്ത പേമാരിയില്‍ കോട്ടയത്തിന്റെ കിഴക്കന്‍ മേഖലയിലെ ചെറു കുന്നുകള്‍ ഇടിഞ്ഞ് താഴുകയായിരുന്നു. ഇടുക്കി പെരുവന്താനം നിര്‍മലഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വടശ്ശേരിയില്‍ ജോജോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ മണ്ണും ചെളിയും നീക്കം ചെയ്യുന്നതിനിടെയാണ് ജോജോ മലവെള്ളപാച്ചിലില്‍ പെട്ടത്.

കൊക്കയാറില്‍ ഉരുള്‍പൊട്ടി കാണാതായ ആറ് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നാല് കുട്ടികളുടെയും രണ്ട് മുതിര്‍ന്നവരുടെയും മൃതദേഹമാണ് ഇതുവരെ കിട്ടിയത്. അംന സിയാദ്, അഫ്‌സന ഫൈസല്‍, അഹിയാന്‍ ഫൈസല്‍, അമീന്‍, ഷാജി ചിറയില്‍, ഫൗസിയ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഷാജി ചിറയലിന്റെ മൃതദേഹം മണിമലയാറില്‍ മുണ്ടക്കയത്ത് നിന്നാണ് കണ്ടെത്തിയത്. ഇനി മൂന്ന് വയസുകാരന്‍ സച്ചു ഷാഹുലിനെയും കൊക്കയാറിന് സമീപം ഒഴുക്കില്‍പ്പെട്ട് കാണാതായ ആന്‍സിയെയുമാണ് കണ്ടെത്താനുള്ളത്. 

മൂന്നു കുഞ്ഞുങ്ങളുടേയും മൃതദേഹങ്ങല്‍ കെട്ടിപ്പിടിച്ച നിലയില്‍ ഒന്നിച്ചായിരുന്നു കിടന്നിരുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. അവസാനമെടുത്ത രണ്ട് മൃതദേഹങ്ങളില്‍ ഉമ്മ കുഞ്ഞിനെ കെട്ടിപ്പിടിച്ച് കിടക്കുന്ന തരത്തിലായിരുന്നു. 

അതിനിടെ മലവെള്ളം കുത്തിയൊലിച്ചു വരുന്നതിന്റെ വീഡിയോ ഫൗസിയ മൊബൈലില്‍ ചിത്രീകരിച്ച് ബന്ധുവിന് അയച്ചുകൊടുത്തത് പുറത്തുവന്നിട്ടുണ്ട്. ഈ വീഡിയോ ചിത്രീകരിച്ച് ഏതാനും മിനുട്ടുകള്‍ക്ക് ശേഷമാണ് ഫൗസിയയും മക്കളും ഉരുള്‍പ്പൊട്ടലില്‍ അകപ്പെട്ടത്. 

മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ സഹായധനം നല്‍കുമെന്ന് റവന്യൂമന്ത്രി കെ രാജന്‍ അറിയിച്ചു. കാലതാമസം കൂടാതെ തുക വിതരണം ചെയ്യാന്‍ നിര്‍ദേശിച്ചെന്നും മന്ത്രി വ്യക്തമാക്കി.

അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ അഞ്ച് ബോട്ടുകളും മത്സ്യത്തൊഴിലാളികളും ചെങ്ങന്നൂരെത്തിയിട്ടുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ ഭയപ്പെടേണ്ടതില്ലെങ്കിലും മുന്‍കരുതലെന്ന നിലയിലാണ് സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

മഴക്കെടുതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ടെലിഫോണ്‍ വിളിച്ച് അന്വേഷിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. അതിതീവ്ര മഴയും ഉരുള്‍പ്പൊട്ടലും അതേത്തുടര്‍ന്നുണ്ടായ ആള്‍നാശവും സംസ്ഥാനത്തിന് ആഘാതം ഏല്‍പ്പിച്ച സാഹചര്യത്തില്‍ ആവശ്യമായ സഹായ വാഗ്ദാനങ്ങളും പ്രധാനമന്ത്രി നല്കിയതായി മുഖ്യമന്ത്രി അറിയിച്ചു.