ഏഴിടങ്ങളില്‍ ഉരുൾപൊട്ടൽ ; പതിനായിരത്തിലേറെപേര്‍ ക്യാംപുകളില്‍ 


AUGUST 11, 2019, 2:16 AM IST

കണ്ണൂര്‍: ശക്തമായ മഴയില്‍ കണ്ണൂര്‍ ജില്ലയില്‍ ഏഴിടങ്ങളിൽ ഉരുള്‍പൊട്ടലുണ്ടായി. ഇരിട്ടി താലൂക്കില്‍ അഞ്ചിടങ്ങളിലും തളിപ്പറമ്പ് താലൂക്കില്‍ രണ്ടിടങ്ങളിലുമാണ് ഉരുള്‍പൊട്ടിയത്.

ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് അരീച്ചല്‍, കൊട്ടിയൂര്‍-വെങ്ങലോടി, പാലുകാച്ചി, കേളകം ശാന്തിഗിരി, കോളാരി നാലാംകേരി, തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് മേലോരംതട്ട് നൂലിട്ട മല, നടുവില്‍ മുന്നൂര്‍ കൊച്ചി എന്നിവിടങ്ങളിലും ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായി. വീടുകള്‍ക്കും ഭൂമിക്കും കൃഷിക്കും വ്യപകമായ നാശനഷ്ടമാണ് ഉണ്ടായത്. മഴയെതുടര്‍ന്ന് ജില്ലയില്‍ ഇതിനകം 60 ഹെക്ടര്‍ കൃഷിനാശമുണ്ടായി. നാലു കോടിയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്.

ജില്ലയില്‍ 109 ദുരിതാശ്വാസ ക്യാമ്പുകളിലായി 10436 പേരാണുള്ളത്. വിവിധ താലൂക്കുകളിലായി 109 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 2366 കുടുംബങ്ങളില്‍ നിന്നായി 10436 പേരാണ് ക്യാമ്പുകളിലുള്ളത്. ഇരിട്ടി താലൂക്കില്‍ 20 ക്യാംപുകളിലായി 2528 പേരും തളിപ്പറമ്പ് താലൂക്കില്‍ 31 ക്യാംപുകളിലായി 2720 പേരും കണ്ണൂര്‍ താലൂക്കില്‍ 26 ക്യാമ്പുകളിലായി 2418 പേരും തലശ്ശേരി താലൂക്കില്‍ 22 ക്യാമ്പുകളിലായി 2207 പേരും പയ്യന്നൂര്‍ താലൂക്കില്‍ 10 ക്യാംപുകളിലായി 563 പേരുമാണ് ഉള്ളത്.