യൂസഫലിക്കെതിരായ സൈബര്‍ ആക്രമണം: ഗള്‍ഫില്‍ നിയമ നടപടി ആരംഭിച്ചു


SEPTEMBER 4, 2019, 11:28 PM IST

ദുബൈ:ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയെ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നവര്‍ക്കെതിരെ സൗദി അറേബ്യയടക്കമുള്ള ജി സി സി രാഷ്ട്രങ്ങളില്‍ നിയമ നടപടി ആരംഭിച്ചു. ജിദ്ദയിലും റിയാദിലുമായി നാല് മലയാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ലുലു ഗ്രൂപ്പ് അറിയിച്ചു. 

നടപടി ആരംഭിച്ചതോടെ യൂസഫലിയുടെ ഫേസ് ബുക്ക് പേജില്‍  മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയവര്‍ ക്ഷമാപണവുമായി രംഗത്തെത്തി. വ്യക്തിഹത്യ നടത്തിയാല്‍ വന്‍ തുക പിഴയും നാടുകടത്തലുമാണ് സൗദി സൈബര്‍ നിയമപ്രകാരമുള്ള ശിക്ഷ. ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കുടുങ്ങിയ ചെക്ക് കേസില്‍ സഹായിച്ചുവെന്നാരോപിച്ചാണ് യൂസഫലിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പ്രചാരണം തുടരുന്നത്.

അതേസമയം,തുഷാർ വെള്ളാപ്പള്ളി ഉൾപ്പെട്ട ചെക്ക് കേസിൽ താൻ മനഃസ്സാക്ഷിക്കു നിരക്കാത്ത ഒന്നും ചെയ്‌തിട്ടില്ലെന്ന് എം എ യൂസഫലി ആവർത്തിച്ചു വ്യക്തമാക്കി.താൻ ഇപ്പോൾ നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളെപ്പറ്റി തനിക്ക് വ്യക്തമായ ബോധമുണ്ട്. അത് ഭാവിയിലും തുടരുമെന്നും അദ്ദേഹം പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എം എ യൂസഫലി പറഞ്ഞു.