മദ്യപാനികളെ കണ്ണുതുറക്കൂ!നിങ്ങള്‍ വഞ്ചിക്കപ്പെടുകയാണ്!


JUNE 28, 2019, 2:15 PM IST

കള്ളുകുടിയന്മാര്‍ക്ക് കണ്ണുകാണില്ലെന്ന് പറയാറുണ്ട്. ഏത് കണ്ണുകാണാത്ത കള്ളുകുടിയന്റെയും കണ്ണ് തുറപ്പിക്കാന്‍ പോന്ന ചില കണക്കുകള്‍ പക്ഷെ ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. കേരള സര്‍ക്കാരിന് കീഴിലെ സംസ്ഥാന ബിവ്റിജസ് കോര്‍പറേഷന്റെ ചില്ലറ വില്പനശാലകളിലൂടെ വില്‍ക്കപ്പെടുന്ന മദ്യത്തിന്റെ കണക്കാണത്. അവര്‍ വില്‍ക്കുന്നത് കോര്‍പറേഷന്‍ വാങ്ങുന്ന വിലയുടെ പത്തിരട്ടി വില! ഇനി വേണമെങ്കില്‍ കണ്ണടച്ച് കുടിക്കാം, അല്ലെങ്കില്‍ ഈ വഞ്ചനയ്ക്ക് കൂട്ടുനില്‍ക്കാതെ കുടിയവസാനിപ്പിക്കാം.

സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടാക്‌സേഷന്‍ സ്റ്റഡീസ് (ഗിഫ്റ്റ്) അധ്യാപകനും ഗവേഷകനുമായിരുന്ന ജോസ് സെബാസ്റ്റ്യന്‍ നല്‍കിയ വിവരാവകാശ പ്രകാരമുള്ള അപേക്ഷയ്ക്ക് കോര്‍പ്പറേഷന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മെയ് മാസം പതിനേഴിന് ജോസ് സെബാസ്റ്റ്യന്‍ നല്‍കിയ അപേക്ഷയ്ക്ക് ഈമാസം 18നാണ് മറുപടി ലഭിച്ചത്. കെഎസ്ബിസി പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.കെ. സുധര്‍മ്മയാണ് മറുപടിയില്‍ ഒപ്പിട്ടിരിക്കുന്നത്.

പല ബ്രാന്‍ഡുകളുടെയും വാങ്ങുന്ന വിലയിലും വില്‍ക്കുന്ന വിലയും കേട്ടാല്‍ മദ്യപാനികളുടെ കണ്ണ് നിറയും. ഓഫീസേഴ്‌സ് ചോയ്‌സ് ബ്രാന്‍ഡി 750 മില്ലി ലിറ്റര്‍ (ഫുള്‍ ബോട്ടില്‍) സര്‍ക്കാര്‍ വാങ്ങുന്നത് 60.49 രൂപയ്ക്കാണ്. വില്‍ക്കുന്നതാകട്ടെ 690 രൂപയ്ക്കും. ഈ കമ്പനിയുടെ റമ്മിന്റെ വാങ്ങുന്ന വില 61.03 രൂപയും വില്‍ക്കുന്ന വില 650 രൂപയുമാണ്. ഓഫീസേഴ്‌സ് ചോയ്‌സ് വിസ്‌കി ആകട്ടെ വാങ്ങുന്നത് 58.27 രൂപയ്ക്കും വില്‍ക്കുന്നത് 630 രൂപയ്ക്കും. ബിജോയ്‌സ് പ്രീമിയം ബ്രന്‍ഡിയുടെ വാങ്ങുന്ന വില 52.43 രൂപയാണ്. ഇത് വില്‍ക്കുന്നത് 560 രൂപയ്ക്ക്.

ബക്കാര്‍ഡി ക്ലാസിക് സൂപ്പര്‍ റം 167.36 രൂപയ്ക്ക് വാങ്ങുന്ന സര്‍ക്കാര്‍ 1240 രൂപയ്ക്കാണ് വില്‍ക്കുന്നത്. ജനപ്രിയ ബ്രാന്‍ഡായ ഓള്‍ഡ് മങ്ക് റം വാങ്ങുന്നത് 71.64 രൂപയ്ക്കും വില്‍ക്കുന്നത് 770 രൂപയ്ക്കുമാണ്. ഹെര്‍ക്കുലീസ് റമ്മിന്റെ വാങ്ങുന്ന വില 63.95 രൂപയും വില്‍ക്കുന്ന വില 680 രൂപയുമാണ്. ചെയര്‍മാന്‍ ചോയിസ് ബ്രാന്‍ഡിയാകട്ടെ ഒരു ലിറ്റര്‍ വാങ്ങുന്നത് 181.33 രൂപയ്ക്കും വില്‍ക്കുന്നത് 1460 രൂപയ്ക്കുമാണ്. മലബാര്‍ ഹൗസ് പ്രീമിയം റം ഫുള്ളിന് 54.97 രൂപയ്ക്ക് വാങ്ങി 580 രൂപയ്ക്ക് വില്‍ക്കുന്നു. ഹണീബീ ബ്രാന്‍ഡി ഫുള്‍ 52.58 രൂപയ്ക്ക് വാങ്ങി 560 രൂപയ്ക്കാണ് വില്‍ക്കുന്നത്.

സിഗ്നേച്ചര്‍ റേര്‍ എജി വിസ്‌കിയ്ക്ക് ഫുള്ളിന് വാങ്ങാന്‍ സര്‍ക്കാര്‍ ചെലവിട്ടത് 177.88 രൂപ മാത്രമാണെങ്കില്‍ അത് വില്‍ക്കുന്നത് 1270 രൂപയ്ക്കാണ്. മാന്‍ഷന്‍ ഹൗസ് ഫ്രഞ്ച് ബ്രാന്‍ഡി 77.36 രൂപയ്ക്ക് വാങ്ങി 820 രൂപയ്ക്കാണ് വില്‍ക്കുന്നത്. ബാഗ്‌പൈപ്പര്‍ ഗോള്‍ഡ് പ്രീമിയം വിസ്‌കി 83.15 രൂപയ്ക്ക് വാങ്ങി 880 രൂപയ്ക്കാണ് വില്‍ക്കുന്നത്. റോയല്‍ ചലഞ്ച് സ്‌പെഷല്‍ പ്രീമിയം വിസ്‌കി 153.33 രൂപയ്ക്ക് വാങ്ങി 1170 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഡിഎസ്പി ബ്ലാക് ഡീലക്‌സ് വിസ്‌കി 83.15 രൂപയ്ക്ക് വാങ്ങി 880 രൂപയ്ക്ക് വില്‍ക്കുന്നു. നമ്പര്‍ വണ്‍ എംസിബി ബ്രാന്‍ഡി 52.58 രൂപയ്ക്ക് വാങ്ങി 560 രൂപയ്ക്ക് വില്‍ക്കുന്ന കോര്‍പറേഷന് കണ്ണില്‍ ചോരയുണ്ടെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പോലും പറയുമെന്ന് തോന്നുന്നില്ല.

Other News