യുഎന്‍എ  സാമ്പത്തിക തട്ടിപ്പ് കേസ്:  ജാസ്മിന്‍ ഷാ അടക്കമുള്ള പ്രതികള്‍ക്കെതിരെ  ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ്


SEPTEMBER 5, 2019, 10:29 AM IST

തിരുവനന്തപുരം: നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ നടത്തിയ കേസില്‍ നാലു പ്രതികള്‍ക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ്.

യുഎന്‍എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ അടക്കമുള്ള പ്രതികള്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പൈടുവിച്ചിരിക്കുന്നത്.

വ്യാഴാഴ്ചത്തെ പത്രമാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് പരസ്യം നല്‍കിയിട്ടുണ്ട്.


ജാസ്മിന്‍ ഷായ്ക്കു പുറമേ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, ജീവനക്കാരായ നിധിന്‍ മോഹന്‍, ജിത്തു എന്നിവര്‍ക്കെതിരെയാണ് നടപടി.

ജാസ്മിന്‍ ഷാ ഉള്‍പ്പെടെ വിദേശത്ത് ഒളിവിലെന്നാണ് പൊലീസ് നിഗമനം. പ്രതികള്‍ പേരു മാറ്റി വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിച്ചുവരികയാണെന്ന് ലുക്ക് ഔട്ട് നോട്ടിസില്‍ പറയുന്നത്.

ഏറെനാളായി അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രതികളെ അറസ്റ്റു ചെയ്യാത്തതിനെ കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അക്കൗണ്ടില്‍ ഭാരവാഹികള്‍ മൂന്ന് കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
Other News